Times Kerala

സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതിയുടെ അംഗസംഖ്യ അഞ്ചായി ചുരുക്കാനുള്ള ബില്‍ നിയമസഭ പാസ്സാക്കി

 
സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയ സമിതിയുടെ അംഗസംഖ്യ അഞ്ചായി ചുരുക്കാനുള്ള ബില്‍  നിയമസഭ പാസ്സാക്കി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ അഞ്ചായി ചുരുക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ  നിയമസഭ പാസ്സാക്കി.  പ്രവേശന മേല്‍നോട്ടത്തിനുള്ള സമിതിയുടെ അംഗബലം ആറായി നിജപ്പെടുത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. രണ്ട് കമ്മിറ്റിയുടേയും ചെയർമാൻ ഒരേ റിട്ടയേർഡ് ജഡ്ജ് ആയിരിക്കും. ഈ നിയമസഭാ സമ്മേളനത്തിന്‍റെ തുടക്കത്തിൽ ബിൽ കൊണ്ടുവന്നെങ്കിലും അത് സബ്ജക്ട് കമ്മിറ്റിക്ക് വിടുകയായിരുന്നു.

നേരത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ മാർച്ചിൽ മന്ത്രിസഭ അംഗീകാരം നൽകിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി ഗവർണർ ഒപ്പു വച്ചിരുന്നില്ല. ഓർഡിനൻസ് ഇറങ്ങിയാലുണ്ടാകാവുന്ന ഗുണങ്ങൾ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഇതോടെ ഓർഡിനൻസ് ഇറക്കാനുള്ള ശ്രമം ഉപേക്ഷിച്ച സർക്കാർ ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ കുറക്കാൻ സർക്കാർ തീരുമാനിച്ചത്.  സമിതി പുനഃസംഘടിപ്പിച്ചാല്‍ മാത്രമേ ഹൈക്കോടതി റദ്ദാക്കിയ കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിര്‍ണയം നടത്താനാകൂ. ഫീസ് നിർണയം പൂർത്തിയായാൽ മാത്രമേ അടുത്ത അധ്യയനവര്‍ഷത്തെ മെഡിക്കല്‍  പ്രവേശനനടപടികള്‍ ആരംഭിക്കാനാകൂ. ബിൽ പാസായതോടെ പ്രവേശന നടപടികളിലേക്ക് കടക്കാം.

Related Topics

Share this story