Times Kerala

മഴ മാത്രമല്ല ലോകകപ്പിൽ വില്ലനായി പരിക്കും.!!

 
മഴ മാത്രമല്ല ലോകകപ്പിൽ വില്ലനായി പരിക്കും.!!

മഴ മാത്രമല്ല താരങ്ങളുടെ പരിക്കും ലോകകപ്പില്‍ ടീമുകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഒരു താരത്തിന്റെ പരിക്ക് ടീമിനെ മൊത്തത്തിലാണ് ബാധിക്കുന്നത്. പുതിയ താരത്തെ കണ്ടെത്തേണ്ടതും പൊസിഷന്‍ മാറ്റുന്നതുമെല്ലാം ടീമിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പരിക്ക് ചതിക്കുന്നത് ഫോമിലുള്ള താരത്തിനാണെങ്കില്‍ ടീമിന്റെ ആത്മവിശ്വാസവും കുറയും.

ശിഖര്‍ ധവാന് പരിക്കേറ്റതോടെ ഇന്ത്യന്‍ ടീമിന്റെ ഘടന മാറ്റേണ്ടിവരും. രോഹിതിനൊപ്പം ധവാനും കഴിഞ്ഞ ദിവസം ഫോമിലേക്ക് ഉയര്‍ന്നതോടെ ഇനിയുള്ള മത്സരങ്ങളില്‍ മികച്ച തുടക്കം കിട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ക്കെല്ലാം തിരിച്ചടി നല്‍കുന്നതായിരുന്നു ധവാന്‍െറ പരിക്ക്. അദ്ദേഹത്തിന്റെ സ്ഥാനത്ത് രാഹുല്‍ എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ നാലാംസ്ഥാനത്ത് ആരെ ഇറക്കണമെന്ന കാര്യമാണ് ടീം ഇന്ത്യയെ വലിക്കുന്നത്.

ഓസീസിനാണ് മറ്റൊരു വലിയ തിരിച്ചടി ലഭിച്ചിരിക്കുന്നത്. അവരുടെ മികച്ച ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ പരിക്കാണ് ടീമിനെ കുഴക്കുന്നത്. താരത്തിന് പകരം മിച്ചല്‍ മാര്‍ഷ് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ഷാക്കിബ് അല്‍ ഹസന് പരിക്കേറ്റത് ബംഗ്ലാദേശിനെയും വലയ്ക്കുന്നു. ഹസനില്ലെങ്കില്‍ ബംഗ്ലാദേശിന്റെ 40 ശതമാനം ശക്തിയും ചോര്‍ന്നുവെന്ന് അവരുടെ ടീം മാനേജ്മെന്റിന് അറിയാം. ഷാക്കിബിന്റെ തുടയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.

ഇംഗ്ലണ്ട് ടീമിനെയും പരിക്ക് വെറുതെ വിട്ടില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്ട്ലര്‍ക്കാണ് ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തില്‍ പരിക്കേറ്റത്. ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. പരിക്ക് ഭേദമാകുമെന്നുമാണ് ടീമിന്റെ പ്രതീക്ഷ.

പേസര്‍ നുവാന്‍ പ്രദീപിന്റെ പരിക്കാണ് ശ്രീലങ്കന്‍ ടീമിനെ അലട്ടുന്നത്. പ്രദീപ് കളിച്ചില്ലെങ്കില്‍ ടീമിന്റെ ബൗളിങ് ദുര്‍ബലമാകും. അമ്മായിഅമ്മ മരിച്ചതോടെ നാട്ടിലേക്ക് പോയ ലസിത് മലിംഗയും ഇല്ലാത്ത സാഹചര്യത്തില്‍ ശ്രീലങ്കന്‍ ടീമിന് വലിയ ഇരുട്ടടിയായി പ്രദീപിന്റെ പരിക്ക്.

Related Topics

Share this story