Times Kerala

നായകനായുള്ള അരങ്ങേറ്റത്തിൽ പുത്തൻ നേട്ടവുമായി മായങ്ക് അഗർവാൾ

 
നായകനായുള്ള അരങ്ങേറ്റത്തിൽ പുത്തൻ നേട്ടവുമായി മായങ്ക് അഗർവാൾ

ഇന്ത്യൻ പ്രീമിയർ ലീഗിൽ കെ എൽ രാഹുലിന് പകരം പഞ്ചാബ് കിങ്സിനെ ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ നയിച്ചത് മായങ്ക് അഗർവാളായിരുന്നു. നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ പുതിയൊരു നേട്ടവും മായങ്ക് സ്വന്തമാക്കി. ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് മായങ്ക് സ്വന്തമാക്കിയത്. ഡൽഹിക്കെതിരെ 58 ബോളിൽ പുറത്താവാതെ 99 റൺസാണ് മായങ്ക് നേടിയത്. ഡൽഹിയുടെ നായകൻ ശ്രേയസ് അയ്യരായിരുന്നു മുൻപ് ഈ നേട്ടവുമായി രണ്ടാമതുണ്ടായിരുന്നത്. 93 റൺസായിരുന്നു പുറത്താവാതെ ശ്രേയസ് നേടിയത്. ശ്രേയസിനെ പിന്തള്ളിയാണ് മായങ്ക് രണ്ടാമതെത്തിയത്. രാജസ്ഥാൻ റോയൽസിന്റെ നായകൻ മലയാളി താരം സഞ്ജു സാംസണാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. ഈ സീസണിൽ നായകനായി അരങ്ങേറിയ താരം ആദ്യ മത്സരത്തിൽ പുറത്താവാതെ 119 റൺസാണ് നേടിയത്. നായകനായി മായങ്ക് മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുവാൻ താരത്തിനായില്ല. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 166 നേടിയപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി വിജയം സ്വന്തമാക്കി. കെ എൽ രാഹുലിനെ അസുഖം ബാധിച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതിനെതുടർന്നാണ് മായങ്ക് പഞ്ചാബിന്റെ നായകസ്ഥാനം ഏറ്റെടുത്തത്.

Related Topics

Share this story