Times Kerala

സമയപരിധി അവസാനിച്ചു; മരടിൽ നിർമ്മിച്ച അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലായില്ല

 
സമയപരിധി അവസാനിച്ചു; മരടിൽ നിർമ്മിച്ച അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലായില്ല

കൊച്ചി: കോടതി അനുവദിച്ച സമയപരിധി ഇന്ന് കഴിഞ്ഞെങ്കിലും കൊച്ചി മരടിൽ നിർമ്മിച്ച നാല് ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലായില്ല. കെട്ടിടം ആര് പൊളിയ്ക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഫ്ലാറ്റ് പൊളിയ്ക്കുന്നതിന് കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് താമസക്കാർ പറയുന്നത്. പുനപരിശോധന ഹർജിയിൽ അനുകൂല തീരുമാനം പ്രതീക്ഷിയ്ക്കുന്നുവെന്നും താമസക്കാർ പറഞ്ഞു.

തീരദേശ മേഖലാ ചട്ടം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞ മേയ് എട്ടിനാണ് സുപ്രീം കോടതി വിധിച്ചത്. ഒരു മാസത്തിനകം പൊളിച്ചുമാറ്റിയ ശേഷം റിപ്പോർട്ട് നൽകാനായിരുന്നു വിധി. സാവകാശം ചോദിച്ച് കോടതിയെ സമീപിച്ചെങ്കിലും നിരാകരിച്ചു. വിധി നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുവെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

ഫ്ലാറ്റ് പൊളിക്കാൻ സുപ്രീം കോടതി അനുവദിച്ച ഒരുമാസത്തെ സമയപരിധി അവസാനിക്കുമ്പോഴും മരട് നഗരസഭ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. കെട്ടിടം പൊളിക്കാൻ പണമില്ല, സാങ്കേതിക വിദ്യയില്ല, പൊളിച്ചാൽ മാലിന്യം എവിടെ തള്ളുമെന്ന് അറിയില്ല ഇതാണ് നഗരസഭയുടെ വാദം. സംസ്ഥാന സർക്കാറിനെ സമീപിച്ചെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവരും തയ്യാറായിട്ടില്ല.

ഫ്ലാറ്റ് ഉടമകൾ സുപ്രീം കോടതിയിൽ നൽകിയ റിവ്യൂ ഹർജിയിലാണ് ഇപ്പോൾ നഗരസഭയുടെ പ്രതീക്ഷ. കോടതിയടെ ഉത്തരവിൽ ആര് പൊളിക്കണമെന്ന് പറയുന്നില്ലെങ്കിലും ഫ്ലാറ്റുകളുടെ നികുതി കൈപ്പറ്റുന്ന നഗരസഭക്ക് തന്നെയാണ് ഉത്തരവാദിത്വമെന്നാണ് സർക്കാർ നിലപാട്. വർഷത്തിൽ 4 കോടി രൂപ മാത്രം വരുമാനമുള്ള നഗരസഭയ്ക്ക് പൊളിക്കാനായി 28 കോടിയോളം രൂപ എവിടെ നിന്ന് കണ്ടെത്തുമെന്നും അറിയില്ല.

സംരക്ഷിത മേഖലയുടെ പരിധിയിൽനിന്ന് ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സർക്കാർ ഒഴിവാക്കിയതാണെന്നും, താമസക്കാരുടെ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് വിവരം. അപ്പീലിന് പോകുന്നതായി നിർമാതാക്കൾ മരട് നഗരസഭയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

Related Topics

Share this story