Times Kerala

ഡല്‍ഹിയിലെ ആദ്യ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറുടെ പണം കവര്‍ന്നു

 
ഡല്‍ഹിയിലെ ആദ്യ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറുടെ പണം കവര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആദ്യ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറുടെ പണം കവര്‍ന്നതായി പരാതി. ഗാസിയാബാദിലാണ് 40-കാരിയായ സുനിത ചൗധരിയുടെ 30,000 രൂപ മറ്റൊരു ഓട്ടോറിക്ഷയുടെ ഡ്രൈവറും സംഘവും ചേര്‍ന്ന് തട്ടിയെടുത്തത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. ഡല്‍ഹിയില്‍ നിന്നും മീററ്റിലെ വീട്ടിലേക്ക് പോകുകയായിരുന്നു സുനിത. ബസില്‍ നിന്നും ഇറങ്ങി ആനന്ദ് വിഹാറിലേക്ക് പോകുന്നതിനായി ഇവര്‍ ഒരു ഓട്ടോയില്‍ കയറി. രണ്ട് പുരുഷന്‍മാര്‍ ഓട്ടോയുടെ പിന്‍സീറ്റിലും ഒരാള്‍ ഡ്രൈവറുടെ ഒപ്പവും ഇരിക്കുകയായിരുന്നു. പിന്‍സീറ്റില്‍ ഇരുന്ന സുനിത ബാഗ് സീറ്റിന് പിറകിലായി വച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഓട്ടോയ്ക്ക് തകരാര്‍ പറ്റിയെന്ന് പറഞ്ഞ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. മറ്റുള്ളവര്‍ക്കൊപ്പം സുനിതയും ഓട്ടോയില്‍ നിന്നിറങ്ങി.

എന്നാല്‍ തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സുനിത മറ്റൊരു വാഹനത്തില്‍ കയറി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് 30,000 രൂപ മോഷണം പോയതായി അറിഞ്ഞത്. സുനിതയുടെ പരാതിയില്‍ പോലീസ് മോഷണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story