chem

ബ്ലോഗ് എക്സപ്രസിലൂടെ കേരള ടൂറിസത്തിന്‍റെ അതിജീവനം നേരിട്ടറിഞ്ഞ് പ്രശസ്ത ബ്ലോഗര്‍മാര്‍

കൊച്ചി: കൊവിഡാനന്തര കാലത്തെ കേരള ടൂറിസത്തിന്‍റെ അതിജീവനത്തിന്‍റെ നേര്‍സാക്ഷ്യം അനുഭവിച്ചറിഞ്ഞ് പ്രശസ്ത ബ്ലോഗര്‍മാരുടെ കേരള ബ്ലോഗ് എക്സ്പ്രസ് യാത്ര. കേരള ടൂറിസത്തിന്‍റെ തിരിച്ചുവരവ് നവ മാധ്യമങ്ങളിലൂടെ ലോകത്തിനു മുന്നിലെത്തിക്കാന്‍ ബ്ലോഗര്‍മാരിലെ സ്വാധീനവ്യക്തികളെ ഉള്‍പ്പെടുത്തിയാണ് മൈ ഫസ്റ്റ് ട്രിപ്പ് 2021 എന്ന ഹാഷ്ടാഗില്‍ കേരള ടൂറിസം യാത്ര സംഘടിപ്പിച്ചത്.

‘2021 ലെ എന്‍റെ ആദ്യ യാത്ര’ (മൈ ഫസ്റ്റ് ട്രിപ്പ് 2021) എന്ന പേരിലായിരുന്നു മാര്‍ച്ച് 25 മുതല്‍ 29 വരെ നീണ്ടു നിന്ന പരിപാടി. സാമൂഹ്യമാധ്യമത്തിലെ ടൂറിസം രംഗത്തെ സ്വാധീന ശക്തികളായ പത്തു പേരാണ് കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്. വരും ദിവസങ്ങളില്‍ മൈ ഫസ്റ്റ് ട്രിപ്പ് 2021 എന്ന ഹാഷ്ടാഗോടു കൂടി കേരളത്തിന്‍റെ മനോഹാരിത സാമൂഹ്യമാധ്യമങ്ങളില്‍ കാണാവുന്നതാണ്.

കൊവിഡ് ലോക് ഡൗണിന് ഒരു വര്‍ഷമിപ്പുറത്ത് കേരള ടൂറിസം എങ്ങിനെയാണ് ഈ മേഖലയില്‍ മികച്ച തിരിച്ചുവരവ് നടത്തിയതെന്ന് ഈ ബ്ലോഗര്‍മാരിലൂടെ ലോകമറിയുമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് ടൂറിസം മേഖലയില്‍ മികച്ച പുനരുജ്ജീവനം കാണാനായിട്ടുണ്ട്. മൈ ഫസ്റ്റ് ട്രിപ്പ് 2021 ഇക്കാര്യം ആവര്‍ത്തിച്ചുറപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ പിന്തുടരുന്ന ബ്ലോഗര്‍മാരുടെ എഴുത്ത്, വീഡിയോ, ഫോട്ടോ തുടങ്ങിയവയിലൂടെ കേരള ടൂറിസത്തിന് കൂടുതല്‍ പ്രചാരണം ലഭിക്കുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ വി ആര്‍ കൃഷ്ണ തേജ ചൂണ്ടിക്കാട്ടി.

മുംബൈയില്‍ നിന്ന് നാല്, ഡല്‍ഹിയില്‍ നിന്ന് മൂന്ന്, ഹൈദരാബാദ്, വിശാഖപട്ടണം, അജ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ബ്ലോഗര്‍മാര്‍ വീതമാണ് ഈ ഉദ്യമത്തില്‍ പങ്കെടുത്തത്. ഗ്രാമീണ ജീവിതം, സാഹസികത, ഭക്ഷണം, സംസ്ക്കാരം, ജീവിതരീതി തുടങ്ങിയ മേഖലകളിലുള്ളതായിരുന്നു സന്ദര്‍ശിച്ച സ്ഥലങ്ങള്‍. ഓരോ സ്ഥലങ്ങളും ബ്ലോഗര്‍മാര്‍ക്ക് പുത്തന്‍ അനുഭവമായി.

സുഗന്ധവ്യജ്ഞനങ്ങള്‍, തേയിലത്തോട്ടം, വെള്ളച്ചാട്ടം തുടങ്ങി കേരളത്തിലില്ലാത്തതൊന്നുമില്ലെന്ന അഭിപ്രായമാണ് മുംബൈയില്‍ നിന്നു വന്ന കൃതിക ശര്‍മ്മയ്ക്കുള്ളത്. ഇവിടം സന്ദര്‍ശിക്കാന്‍ അല്‍പം പോലും കാത്തിരിക്കരുതെന്നും അവര്‍ പറഞ്ഞു. കേരളത്തിന്‍റെ തനതു ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയായ വെള്ളാര്‍ കരകൗശല ഗ്രാമമാണ് ദീപാംങ്ശു സാംഗ്വാനെ ആകര്‍ഷിച്ചത്. അദ്ദേഹത്തിന്‍റെ വീഡിയോ ഡയറിയിലെ സുപ്രധാന ഏടാകുമിത്.

അടിപൊളി’ എന്ന മലയാളം വാക്കുമായാണ് അജ്മീരില്‍ നിന്നുള്ള ശക്തി സിംഗ് ഷെഖാവത്ത് യാത്രയാകുന്നത്. ആലപ്പുഴയുടെ ഹരിതാഭ അത്രകണ്ട് ആകര്‍ഷിച്ചുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. പുരവഞ്ചിയ്ക്ക് മുകളില്‍ നൃത്തം ചെയ്തത് ഡല്‍ഹിയില്‍ നിന്നുള്ള ആഞ്ചല്‍ ഗോയലിന് മറക്കാനാവാത്ത അനുഭവമായി. ജടായുപ്പാറയുടെ മുകളിലേക്കുള്ള കേബിള്‍ കാര്‍ യാത്രയാണ് ഹൈദരാബാദില്‍ നിന്നുള്ള അനില്‍ കുമാര്‍ ഗീലയെ ആകര്‍ഷിച്ചത്.

സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം ദൗത്യമാണ് എല്ലാവരെയും ഒരു പോലെ ആകര്‍ഷിച്ച മറ്റൊരു പ്രധാന ഘടകം.തുമ്പൂര്‍മുഴി, അതിരപ്പള്ളി വെള്ളച്ചാട്ടം, മലക്കപ്പാറ, കൊല്ലത്തെ മണ്‍റോത്തുരുത്ത്, കുമരകം പക്ഷി സങ്കേതം, മുസിരിസ് പൈതൃക പദ്ധതി, പുന്നമടക്കായല്‍, മാരാരി ബീച്ച്, തേക്കടി ബോട്ടിംഗ്, തേയില മ്യൂസിയം, ഇടുക്കി അണക്കെട്ട്, ചെറായി ജലവിനോദങ്ങള്‍ എന്നിവയായിരുന്നു അഞ്ച് ദിവസത്തെ മറ്റ് പരിപാടികള്‍.

കേരള ടൂറിസം ജോയിന്‍റ് ഡയറക്ടര്‍ ശ്രീ എ ഷാഹുല്‍ ഹമീദ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ കെ ആര്‍ സജീവ് എന്നിവരും പരിപാടിയുടെ സമാപന ചടങ്ങില്‍ പങ്കെടുത്തു.കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇക്കുറി ആഭ്യന്തര ബ്ലോഗര്‍മാര്‍ മാത്രമായിരുന്നു കേരള ബ്ലോഗ് എക്സ്പ്രസില്‍ പങ്കെടുത്തത്.

You might also like
Leave A Reply

Your email address will not be published.