Times Kerala

നീണ്ടകാലത്തെ ഇടവേള കഴിഞ്ഞ് ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കളിക്കാനിറങ്ങുന്നു; എതിർവശത്ത് കരുത്തരായ ഒമാൻ

 
നീണ്ടകാലത്തെ ഇടവേള കഴിഞ്ഞ് ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കളിക്കാനിറങ്ങുന്നു; എതിർവശത്ത് കരുത്തരായ ഒമാൻ

ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ഒമാനെതിരെ സൗഹൃദമത്സരത്തിൽ കളിക്കാനിറങ്ങുന്നു. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ടീം കളിക്കളത്തിലിറങ്ങുന്നത്. ഇന്ന് രാത്രി 7.15ന് ദുബൈയിലെ മാക്‌ട്ടൂം ബിൻ റാഷിദ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച രീതിയിൽ കളിച്ച യുവതാരങ്ങളാണ് ഇന്ന് ഒമാനെതിരെ ഇറങ്ങുന്നത്.

സുനിൽ ഛേത്രി ഉൾപ്പെടയുള്ള സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ കളിക്കിറങ്ങുന്നത്. അതിനാൽ തന്നെ യുവതാരങ്ങൾക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള ഒരവസരം കൂടിയാണ് ഈ മത്സരം. 27 അംഗങ്ങൾ ഉൾപ്പെടുന്നതാണ് കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്റെ ഇന്ത്യൻ ടീം. ഇഗോറിന് കീഴിൽ കളിച്ച 11 മത്സരങ്ങളിൽ ഇന്ത്യ ജയിച്ചത് ഒരു കളിയിലാണ്. നാല് സമനിലയും ആറ് തോൽവിയുമാണ് ബാക്കി മത്സരങ്ങളുടെ റിസൾട്ട്. പുതിയ താരങ്ങളെ വാർത്തെടുക്കാൻ വേണ്ടിയാണ് കൂടുതൽ യുവതാരങ്ങൾക്ക് അവസരം കൊടുത്തത്. ഇന്ത്യക്കെതിരെ മികച്ച റെക്കോർഡ് ഉള്ള ഒമാൻ ഫിഫ റാങ്കിങ്ങിൽ 81 ആം സ്ഥാനത്താണ്, ഇന്ത്യയാവട്ടെ 104 ആം സ്ഥാനത്തും.

Related Topics

Share this story