Times Kerala

ജീര്‍ണിച്ച മൃതശരീരത്തിലെ ഒരൊറ്റ മുടിനാരില്‍ നിന്ന് മുഖം പുനഃസൃഷ്ടിച്ചു.!! ലോകത്തെ അമ്പരപ്പിച്ച് ദുബായ് പോലീസ്

 
ജീര്‍ണിച്ച മൃതശരീരത്തിലെ ഒരൊറ്റ മുടിനാരില്‍ നിന്ന് മുഖം പുനഃസൃഷ്ടിച്ചു.!! ലോകത്തെ അമ്പരപ്പിച്ച് ദുബായ് പോലീസ്

കടലിൽ നിന്നും കണ്ടെത്തിയ ജീർണ്ണിച്ച ശവശരീരത്തിന്റെ മുഖം, പുതിയ സാങ്കേതിക വിദ്യയുപയോഗിച്ച് ത്രിമാന രൂപത്തിൽ പുനഃ സൃഷ്ടിച്ച് ദുബായ് പോലീസ്. 35 നും 45 നും ഇടയിൽ പ്രായം തോന്നുന്ന ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. കൊറോണർമാർ ( ദുര്‍മരണവിചാരണാധികാരികൾ ), ഡിജിറ്റൽ ഫോറൻസിക് വിദഗ്ധർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പിലെ പ്രൊഫഷണലുകൾ എന്നിവരടങ്ങിയ ഒരു ടീമിന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഡിജിറ്റൽ ഫേഷ്യൽ പുനർനിർമ്മാണത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മരണപ്പെട്ടയാളുടെ മുഖം വ്യക്തമാക്കിയത് എന്നാണ് ഫോറൻസിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ ഡോ. അഹമ്മദ് ഈദ് അൽ മൻസൂരി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു മാസങ്ങൾക്കു മുൻപാണ് ഈ മൃതദേഹം കണ്ടെടുത്തത്. കടൽവെള്ളത്തിലെ ജീവികളുമായുള്ള സമ്പർക്കത്താലും കാലാവസ്ഥ വ്യതിയാനത്താലും, മൃതശരീരം ഒരുപാട് അഴുകിയ നിലയിലായിരുന്നു. അതിനാൽത്തന്നെ, ഫിംഗർപ്രിന്റ് എടുക്കുക അസാധ്യമായിരുന്നു. ഫോറൻസിക് വിദഗ്ധർ പല ടെസ്റ്റുകളും നടത്തിയാണ് അയാളുടെ ത്വക്കിന്റെ നിറം ഏഷ്യക്കാരുടേതിന് സമാനമായ ബ്രൗൺ നിറമാണെന്ന് സ്ഥിരീകരിച്ചത്. അഴുകിയ മൃദദേഹത്തിലുണ്ടായിരുന്ന ഒരേയൊരു മുടിനാരിഴ ആധാരമാക്കി 3 സെന്റിമീറ്റർ നീളമുള്ള കട്ടിയുള്ള മുടിയാണെന്ന് നിർണ്ണയിച്ചു.

ഓസ്റ്റിയോപ്പതി, പെൽവിക് ഒസ്ടിയോമെട്രി എന്നിവയുടെ സഹായത്താൽ അദ്ദേഹത്തിൻറെ പ്രായവും കണക്കാക്കാൻ സാധിച്ചു. ത്വക്കിന്റെ കനം, കണ്ണിന്റെ നിറം തുടങ്ങിയ എല്ലാ നിർണ്ണായക വിവരങ്ങളും അടങ്ങിയ റിപ്പോർട്ട്. ഇവർ വിഷ്വൽ എവിഡൻസ് അനാലിസിസ് ഡിപ്പാർട്ട്മെന്റിന് കൈമാറി. തലയുടെയും തലയോട്ടിയുടെയും എക്സ് റേയും, ത്രിമാന സ്കാനും എടുത്തശേഷം സാങ്കേതികവിദ്യയുപയോഗിച്ച് മുഖത്തിന്റെ പൂർണ്ണരൂപം സൃഷ്ടിക്കുകയായിരുന്നു എന്നാണ്, വിഷ്വൽ എവിഡൻസ് അനാലിസിസ് വിഭാഗം മേധാവി മേജർ ഡോ. ഹമദ് അൽ അവാർ പറഞ്ഞത്. 2007 മുതൽ പോലീസ് ഡിജിറ്റൽ ഫേഷ്യൽ പുനർനിർമ്മാണ രീതി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story