Times Kerala

ക്ഷയരോഗനിവാരണം; കേരള ഹെല്‍ത്ത് സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധര്‍ സംസാരിക്കുന്നു

 
ക്ഷയരോഗനിവാരണം; കേരള ഹെല്‍ത്ത് സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധര്‍ സംസാരിക്കുന്നു

തിരുവനന്തപുരം: ക്ഷയരോഗനിവാരണത്തിനായുള്ള പ്രതിരോധമാര്‍ഗങ്ങളും ആരോഗ്യനിവാരണ ചട്ടക്കൂടുകളും സംബന്ധിച്ച് ആഗോളതലത്തിലെ വിദഗ്ധര്‍ കേരള ഹെല്‍ത്ത് സമ്മേളനത്തില്‍ സംസാരിക്കും.

ആരോഗ്യമേഖലയില്‍ ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നയരൂപികരണം നടത്തുന്നതിനു വേണ്ടി സംസ്ഥാന ആരോഗ്യവകുപ്പാണ് അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന കേരള ഹെല്‍ത്ത് ഓണ്‍ലൈന്‍ സമ്മേളനം സംഘടിപ്പിച്ചത്. മാര്‍ച്ച് നാലിനാണ് അവസാന വിഷയത്തിലുള്ള ചര്‍ച്ച.

ക്ഷയരോഗവുമായി ബന്ധപ്പെട്ട ആഭ്യന്തര-അന്താരാഷ്ട്രരംഗത്തെ പ്രമുഖരായ ആരോഗ്യവിദഗ്ധര്‍, ഡോക്ടര്‍മാര്‍, നയകര്‍ത്താക്കള്‍ തുടങ്ങിയവര്‍ ഈ ഓണ്‍ലൈന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര, നടപടിക്കുള്ള ആഹ്വാനം എന്നതാണ് പ്രമേയം. ക്ഷയ-ശ്വാസകോശ രോഗങ്ങള്‍ക്കെതിരെയുള്ള ഇന്‍റര്‍നാഷണല്‍ യൂണിയന്‍ പ്രസിഡന്‍റ് പ്രൊഫ. ഗൈ മാര്‍ക്സ്, സ്റ്റോപ് ടിബി പാര്‍ട്ണര്‍ഷിപ്പിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ലുസിക ഡിറ്റിയു, യുഎസ് എയിഡിന്‍റെ ക്ഷയരോഗ ഉപദേശക ഡോ. കെന്നെത്ത് കാസ്ട്രോ, സാങ്കേതിക ഉപദേശകന്‍ സെവിം അഹമെദോവ് തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി വികാസ് ശീല്‍ മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, ലോകാരോഗ്യ സംഘടനയുടെ കണ്‍സല്‍ട്ടന്‍റ് ഡോ. രാകേഷ് പി എസ്, സംസ്ഥാന ടിബി ഓഫീസര്‍ ഡോ. സുനില്‍ കുമാര്‍ എം, സ്റ്റേറ്റ് എല്‍.ടി.ബി.ഐ ടി.ഡബ്ല്യു.ജി ആന്‍റ് എസ്.ടി.എഫ് അധ്യക്ഷന്‍ ഡോ.സഞ്ജീവ് നായര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ഡോ. സൈരു ഫിലിപ്പ്, ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക വിഭാഗം ലീഡ് ഡോ. ഷിബു ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ക്ഷയരോഗത്തിനെതിരായ ജനകീയ മുന്നേറ്റം എന്ന വിഷയത്തില്‍ സംസാരിക്കും.

ക്ഷയരോഗത്തില്‍ നിന്നും മുക്തയായ ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നഴ്സ് ദിവ്യ സോജന്‍ തന്‍റെ അനുഭവം ചര്‍ച്ചയ്ക്കിടയില്‍ വിവരിക്കും.

ലോകാരോഗ്യ സംഘടന ജനീവയിലെ ആഗോള ക്ഷയനിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഡയറക്ടര്‍ ഡോ. തെരേസ കസീവ, സ്റ്റോപ് ടിബി പാര്‍ട്ണര്‍ഷിപ്പിലെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുവേന്ദു സാഹു, ഏഷ്യന്‍ ഡെവലപ്മന്‍റ് ബാങ്കിന്‍റെ ആരോഗ്യ മേഖലാ മേധാവി പാട്രിക് ഒസീവ്, ഗ്ലോബല്‍ ഫണ്ടിന്‍റെ സാങ്കേതിക ഉപദേഷ്ടാവ് മുഹമ്മദ് യാസീന്‍, സെന്‍ട്രല്‍ ടിബി ഡിവിഷനിലെ ഡെ. ഡയറക്ടര്‍ ഡോ. രഘുറാന്‍ റാവു തുടങ്ങിയവര്‍ ടിബി ഫ്രീ ഐലന്‍റ്സ്- വേ ഫോര്‍വേഡ് എന്ന വിഷയത്തില്‍ സംസാരിക്കും.

വൈകീട്ട് ഏഴരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍, പിഎച്എഫ്ഐ പ്രസിഡന്‍റ് ഡോ. ശ്രീനാഥ് റെഡ്ഡി, ഡോ. റോഡ്രികോ എച് ഒഫ്രിന്‍ എന്നിവര്‍
പ്രത്യേക പ്രഭാഷണം നടത്തും.

www.keralahealthconference.in എന്ന വെബ്സൈറ്റിലൂടെയോ
https://www.youtube.com/channel/UCSE0zP8darFGvDn3CyC2ERg എന്ന യുട്യൂബ് ലിങ്കിലൂടെയോ പരിപാടി തത്സമയം കാണാന്‍ സാധിക്കും.

2030 ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് 2018 ലാണ് കേരള ക്ഷയരോഗ നിവാരണ ദൗത്യത്തിന് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ക്ഷയ രോഗം മൂലമുണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കുക, ഭാരിച്ച ചികിത്സാ ചെലവ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. യുവാക്കളിലെ ക്ഷയരോഗത്തിന് വലിയ കുറവ് ഇതിനു ശേഷം സംഭവിച്ചിട്ടുണ്ട്. കുട്ടികളിലെ ക്ഷയരോഗവും ഗണ്യമായി കുറഞ്ഞു. 2006 ല്‍ കുട്ടികള്‍ക്കുള്ള ക്ഷയരോഗമരുന്ന് 16,000 ചെലവായെങ്കില്‍ 2018 ല്‍ അത് കേവലം 2030 ആയി കുറഞ്ഞു.

ഇടുക്കി ജില്ലയില്‍ ഒരു ലക്ഷം പേരില്‍ 40 ല്‍ താഴെ പേര്‍ക്ക് മാത്രമാണ് ക്ഷയരോഗബാധ കണ്ടെത്തിയത്. 2025 ആകുമ്പോള്‍ രാജ്യം നേടാനിരിക്കുന്ന ലക്ഷ്യമാണിത്.

ക്ഷയരോഗം പിടിപെടാനുള്ള സാധ്യത രാജ്യത്ത് 1.5 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് കേവലം 0.4 മാത്രമാണ്. 2009 മുതല്‍ വര്‍ഷം തോറും 3.5 ശതമാനത്തിന്‍റെ കുറവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ടിബി ഔഷധങ്ങളുടെ വില്‍പന വര്‍ഷം തോറും പത്ത് ശതമാനമാണ് കുറഞ്ഞത്. 2009 ല്‍ പൊതുജാരോഗ്യ സംവിധാനങ്ങള്‍ വഴി 27,500 ക്ഷയരോഗ കേസുകള്‍ വന്നിരുന്നത് 2018 ല്‍ 20,992 രോഗികളായി കുറഞ്ഞു. 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ക്ഷയരോഗ മരുന്നുകളുടെ വില്‍പന 40 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.

ഫെബ്രുവരി 17 നാരംഭിച്ച കേരളഹെല്‍ത്ത് ആരോഗ്യ സമ്മേളനത്തില്‍ അഞ്ച് പ്രമേയങ്ങളിലാണ് ചര്‍ച്ച. ഇതിനു പുറമെ അത്യാഹിത വിഭാഗം, ആയുര്‍വേദം എന്നീ വിഷയങ്ങളിലുള്ള പ്രത്യേക ചര്‍ച്ചയും ഉണ്ടായിരുന്നു.

Related Topics

Share this story