Times Kerala

എലിപ്പനിക്കെതിരെ ജാഗ്രത വേണം

 
എലിപ്പനിക്കെതിരെ ജാഗ്രത വേണം

ആലപ്പുഴ: കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണ് എലിപ്പനിയെന്നും പനിയുണ്ടെങ്കില്‍ സ്വയം ചികില്‍സ ചെയ്യാതെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം പരിശോധനകള്‍ നടത്തി എലിപ്പനിയാണോ എന്ന് നിര്‍ണ്ണയിക്കേണ്ടതതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

എലി, കന്നുകാലികള്‍, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയും മണ്ണിലൂടെയും എലിപ്പനിക്ക് കാരണമായ രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാം. ജില്ലയിലെ കുളങ്ങളിലും തോടുകളിലും വെള്ളക്കെട്ടുകളിലും ചതുപ്പ് പ്രദേശങ്ങളിലും മീന്‍ പിടിക്കുന്നവരില്‍ എലിപ്പനി കൂടുതലായി പിടിപെടാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ മീന്‍ പിടിക്കുന്നവര്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, പുല്ലുചെത്തുന്നവര്‍, പാടത്ത് പണിയെടുക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പനിയോ ശരീരവേദനയോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ആശുപത്രിയിലെത്തി പരിശോധന നടത്തി ചികിത്സ ഉറപ്പാക്കേണ്ടതാണ്.

മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിച്ച് എലിപ്പനിക്ക് ഒറ്റമൂലി ചികിത്സയ്ക്ക് പോകുന്നത് അപകടമാണ്. മലിനമായ വെള്ളത്തില്‍ ചവിട്ടിയാല്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. മുഖം കഴുകല്‍, കുളിക്കല്‍ തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വൃത്തിയുള്ള വെള്ളമുപയോഗിക്കുക. വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. തോട്, കുളം എന്നിവിടങ്ങളില്‍ ചൂണ്ടയിടാന്‍ കുട്ടികളെ അനുവദിക്കരുത്. കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവുമായോ മണ്ണുമായോ സമ്പര്‍ക്കം വരാതെ ശ്രദ്ധിക്കുക. തലവേദനയോടു കൂടിയ പനി, ശരീരവേദന, കണ്ണിന് ചുമപ്പ് മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം എന്നീ ലക്ഷണങ്ങള്‍ അവഗണിക്കരുത്.

ഇവ എലിപ്പനിയുടെ ലക്ഷണങ്ങളാവാം. ജോലി സംബന്ധമായി മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ റബര്‍ ബൂട്ടും കൈയ്യുറകളും ധരിക്കണം. എലിപ്പനിക്കുള്ള പ്രതിരോധ ഗുളിക (ഡോക്‌സിസൈക്ലീന്‍) സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. ഇത് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കണം.

Related Topics

Share this story