Times Kerala

ഇലക്ട്രിക് വാഹന വിതരണം വിപുലീകരിക്കാന്‍ ആമസോണ്‍ ഇന്ത്യ, മഹീന്ദ്ര ഇലക്ട്രിക്കുമായി കൈകോര്‍ക്കുന്നു

 
ഇലക്ട്രിക് വാഹന വിതരണം വിപുലീകരിക്കാന്‍ ആമസോണ്‍ ഇന്ത്യ, മഹീന്ദ്ര ഇലക്ട്രിക്കുമായി കൈകോര്‍ക്കുന്നു

കൊച്ചി: രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റിയോടുള്ള പ്രതിബദ്ധത കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ആമസോണ്‍ ഇന്ത്യ, മഹീന്ദ്ര ഇലക്ട്രിക്കുമായി പങ്കാളിത്തത്തിന്. 2025ഓടെ, രാജ്യത്തെ ഡെലിവറി വാഹന നിരയില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ഉള്‍പ്പെടുത്തുമെന്ന് ആമസോണ്‍ ഇന്ത്യ 2020ല്‍ പ്രഖ്യാപിച്ചിരുന്നു. 2030ഓടെ വിതരണ നിരയില്‍ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന കാലാവസ്ഥാ പ്രതിജ്ഞയില്‍ (ക്ലൈമറ്റ് പ്ലെഡ്ജ്) ഒപ്പിട്ട് ആമസോണ് പ്രഖ്യാപിച്ച ആഗോള പ്രതിബദ്ധതയ്ക്ക് പുറമെയാണിത്. ഇ-മൊബിലിറ്റി വ്യവസായ രംഗത്ത് പരിസ്ഥിതി സുസ്ഥിരത ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ് മഹീന്ദ്ര ഇലക്ട്രിക്കുമായുള്ള ഈ പങ്കാളിത്തം.

ബെംഗളൂരു, ന്യൂഡല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ഭോപ്പാല്‍, ഇന്‍ഡോര്‍, ലഖ്‌നൗ എന്നീ ഏഴ് നഗരങ്ങളില്‍ ആമസോണ്‍ ഇന്ത്യയുടെ ഡെലിവറി സര്‍വീസ് പങ്കാളികളുടെ ശൃംഖലയുമായി ചേര്‍ന്ന് മഹീന്ദ്ര ട്രിയോ സോര്‍ വാഹനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ ഇ-മൊബിലിറ്റി വ്യവസായത്തിലെ ഗണ്യമായ പുരോഗതി നൂതന സാങ്കേതികവിദ്യയിലേക്കും മികച്ച മോട്ടോര്‍, ബാറ്ററി ഘടകങ്ങളിലേക്കും നയിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഗോ ഇലക്ട്രിക് പോലുള്ള ബോധവല്‍ക്കരണ ക്യാമ്പയിനോടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നയവും, ഫെയിം 2 പോളിസി നയത്തോടെ ചാര്‍ജിങ് അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള കാഴ്ചപ്പാട് ത്വരിതപ്പെടുത്തുന്നതിന് കമ്പനിയെ സഹായിച്ചു.

ക്ലീന്‍ എനര്‍ജി അടിസ്ഥാനമാക്കിയുള്ള ക്ലീന്‍ മൊബിലിറ്റി, കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പ്രവര്‍ത്തനത്തിലെ പ്രധാന ഘടകമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ആമസോണ്‍ ഇന്ത്യയും മഹീന്ദ്ര ഇലക്ട്രിക്കും തമ്മിലുള്ള പങ്കാളിത്തം സ്വാഗതാര്‍ഹമാണ്. ഇത് ഇ-മൊബിലിറ്റി വ്യവസായത്തില്‍ ഇന്ത്യയുടെ പുരോഗതിയെ ശക്തിപ്പെടുത്തുകയും, സര്‍ക്കാരിന്റെ പാരിസ്ഥിതിക സുസ്ഥിര ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വാഹന നിര്‍മാതാക്കളുടെയും ഇ-കൊമേഴ്‌സ് കമ്പനികളുടെയും പങ്ക് ചൂണ്ടിക്കാട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയുള്ള പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഒരു വിതരണ ശൃംഖല നിര്‍മിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആമസോണ്‍ കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ് ഓപ്പറേഷന്‍സ്, എപിഎസി, എംഇഎന്‍എ, എല്‍എടിഎഎം വൈസ് പ്രസിഡന്റ അഖില്‍ സക്‌സേന പറഞ്ഞു. 2025ഓടെ തങ്ങളുടെ ഇലക്ട്രിക് വാഹന നിര പതിനായിരം വാഹനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് ഈ രംഗത്ത് സുസ്ഥിരത നേതൃത്വം കൈവരിക്കാനുള്ള തങ്ങളുടെ യാത്രയിലെ ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആമസോണിന്റെ ഡെലിവറി വാഹന പങ്കാളികളുടെ നിരയിലേക്ക് മഹീന്ദ്ര ട്രിയോ സോര്‍ ഇലക്ട്രിക് വെഹിക്കിള്‍ വിന്യസിക്കുന്നതിന് ആമസോണുമായി പങ്കാളിയാകുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എംഡിയും സിഇഒയുമായ മഹേഷ് ബാബു പറഞ്ഞു. ഇത് ഇന്ത്യയുടെ ലോജിസ്റ്റിക്‌സ്, ലാസ്റ്റ് മൈല്‍ ഡെലിവറി ആവശ്യങ്ങളെ പുനര്‍നിര്‍വചിക്കുമെന്നും അതോടൊപ്പം, തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മഹീന്ദ്രയെയും ആമസോണിനെയും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപുലമായ ലിഥിയം അയണ്‍ ബാറ്ററി, തടസമില്ലാത്ത ചാര്‍ജ്ജിങ് എന്നിവുമായി 2020 ഒക്ടോബറില്‍ വിപണിയിലിറങ്ങിയ മഹീന്ദ്ര ട്രിയോ സോര്‍, ഡെലിവറി പങ്കാളികള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് എളുപ്പമാക്കുന്നുണ്ട്. കുറഞ്ഞ ലോഡിങ്-അണ്‍ലോഡിങ് സമയം, ദൈര്‍ഘ്യമേറിയ വീല്‍ബേസ് എന്നിവ പോലുള്ള അധിക സവിശേഷതകള്‍ ഡ്രൈവിങ് അനുഭവം സുഖകരമാക്കുകയും ചെയ്യുന്നു.

Related Topics

Share this story