Times Kerala

കാറിൽ വച്ച് ഉപദ്രവിച്ചു, കൊണ്ടുപോയത് നെല്ലിയാമ്പതിയിലേക്ക്, സ്വർണം മാലി എയർപോർട്ടിൽ ഉപേക്ഷിച്ചു; ആലപ്പുഴയിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…

 
കാറിൽ വച്ച് ഉപദ്രവിച്ചു, കൊണ്ടുപോയത് നെല്ലിയാമ്പതിയിലേക്ക്, സ്വർണം മാലി എയർപോർട്ടിൽ ഉപേക്ഷിച്ചു; ആലപ്പുഴയിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ…

ആലപ്പുഴ: മാന്നാറിൽ വിദേശത്തുനിന്നു മടങ്ങിയെത്തിയ യുവതിയെ വീട് ആക്രമിച്ചു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. തന്നെ ഏൽപ്പിച്ച സ്വർണം മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചതായാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയും പിന്നീട് പാലക്കാടു നിന്നും കണ്ടെത്തുകയും ചെയ്ത മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. തട്ടികൊണ്ടുപോയ സംഘം തന്നെ കാറിൽ വച്ച് ഉപദ്രവിച്ചിരുന്നതായും ബിന്ദു പറഞ്ഞു.

വിദേശത്ത് നിന്നും മടങ്ങുമ്പോൾ നാട്ടിലെത്തിക്കാൻ ഒരു ബാഗ് നൽകുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് അത് സ്വർണമാണെന്നു മനസിലായത്. സ്വർണവുമായി വിമാനത്താവളത്തിൽ എത്തിയാൽ പ്രശ്നമാകുമെന്ന് കരുതിയാണ്സ്വർണം അടങ്ങിയ ബാഗ് ഉപേക്ഷിച്ചത്. നാട്ടിൽ ബാഗ് വാങ്ങാൻ വന്നയാൾ തന്നെ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. നെല്ലിയാമ്പതിയിലേക്കാണ് സംഘം തന്നെ കൊണ്ടുപോയതെന്നും യുവതി പറഞ്ഞു.

യുവതിയുടെ പക്കൽ കൊടുത്തുവിട്ട സ്വർണം കേരളത്തിലെ ഇടപാടുകാരിൽ എത്താതിരുന്നതാണു തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. ദുബായിലായിരുന്നപ്പോൾ സ്വർണക്കടത്ത് സംഘത്തിലെ ചിലരുമായി സൗഹൃദമുണ്ടായിരുന്ന യുവതിയെ കേരളത്തിലേക്ക് സ്വർണം കടത്തുന്ന കാരിയർ ആയി ഉപയോഗിച്ചിരുന്നതായാണ് റിപ്പോർട്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ മാന്നാറിലെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ രാവിലെ 11 മണിയോടെ അജ്ഞാതസംഘം പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരില്‍ ഇറക്കിവിടുകയായിരുന്നു. അവശനിലയിലായിരുന്ന ബിന്ദു പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയത്. നാലുവര്‍ഷമായി ദുബായില്‍ ജോലിചെയ്യുകയായിരുന്നു ബിന്ദുവും ഭര്‍ത്താവ് ബിനോയിയും. എട്ടുമാസം മുമ്പാണ് ഇരുവരും നാട്ടിലെത്തിയത്. അതിനിടെ മൂന്നുതവണ ബിന്ദു വിസിറ്റിങ് വിസയില്‍ ദുബായിലേക്ക് പോയിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Related Topics

Share this story