Times Kerala

ടൂറിസം വകുപ്പിന്‍റെ ഉത്സവം കലാമേളയ്ക്ക് തുടക്കം

 
ടൂറിസം വകുപ്പിന്‍റെ ഉത്സവം കലാമേളയ്ക്ക് തുടക്കം

കോട്ടയം: കേരളീയ കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും കലാകാരൻമാർക്ക് അംഗീകാരം നൽകുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2021 കലാമേളയ്ക്ക് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 20) തുടക്കമാകും. 26 വരെ നീണ്ടു നിൽക്കുന്ന മേളയുടെ ഭാഗമായി തിരുനക്കര പഴയ പോലീസ് മൈതാനം, വൈക്കം സത്യാഗ്രഹ സ്മാരകത്തിലെ നെല്ലിമരച്ചുവട് എന്നിവിടങ്ങളിലാണ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്.

ഇന്ന് വൈകുന്നേരം ആറിന് കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും വൈക്കത്ത് സി.കെ. ആശ എം.എല്‍.എയും പരിപാടി ഉദ്ഘാടനം ചെയ്യും.

കോട്ടയത്ത് നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി,ജില്ലാ കളക്ടർ എം.അഞ്ജന, നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനിൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, വാർഡ് കൗൺസിലർ ജയമോൾ ജോസഫ്, ഡി.ടി.പി.സി സെക്രട്ടറി ഡോ. ബിന്ദു നായർ, ഡി.ടി. പി സി എക്സ്ക്യൂട്ടീവ് കമ്മിറ്റിയംഗം ടി.പി. കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും.

വൈക്കത്ത് നഗരസഭാ ചെയർപേഴ്സൺ രേണുക രാജൻ അധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയർമാർ പി.ടി സുഭാഷ്, പ്രതിപക്ഷ നേതാവ് കെ.പി സതീശൻ, കൗൺസിലർ ബിന്ദു ഷാജി, ഡിടിപിസി എക്സിക്യൂട്ടിവ് കമ്മറ്റിയംഗം ആർ. രതീഷ് തുടങ്ങിയവർ പങ്കെടുക്കും.

പാക്കനാർ തുള്ളൽ, ചാക്യാർകൂത്ത്, കഥാപ്രസംഗം, നങ്ങ്യാർ കൂത്ത്, തെയ്യം, കാക്കാരിശ്ശി നാടകം, സീതക്കളി, പൂപ്പട തുള്ളൽ, കുറത്തിയാട്ടം, ഓട്ടൻതുള്ളൽ, പടയണി, കോലടി പാട്ട് തുടങ്ങിയ കലാരൂപങ്ങളാണ് ഉത്സവം 2021 ൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Related Topics

Share this story