Times Kerala

പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

 
പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

പാലക്കാട് :പൊതുവിദ്യാലയങ്ങള്‍ കൈയൊഴിയാതെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ 10 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍, മൂന്ന് പുതിയ സ്‌കൂള്‍ നിര്‍മ്മാണം, നവീകരിച്ച ഹയര്‍സെക്കന്‍ഡറി ലാബ് ഉള്‍പ്പെടെ സംസ്ഥാനത്തെ 198 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പ്രവൃത്തികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവില്‍ ഹയര്‍സെക്കന്‍ഡറി തലം വരെയാണ് വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലും ഈ വര്‍ഷം സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനങ്ങളാക്കി ഉയര്‍ത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് പഠിക്കാന്‍ വരുന്ന സാഹചര്യമുണ്ടാക്കും. ഇത്തരത്തില്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ ഹബ്ബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന തലത്തില്‍ 89 സ്‌കൂള്‍ കെട്ടിടങ്ങളുടെ പൂര്‍ത്തീകരണവും 41 ഹയര്‍സെക്കന്‍ഡറി ലാബുകളുടെ ഉദ്ഘാടനവും 68 കെട്ടിടങ്ങളുടെ നിര്‍മ്മാണ ശിലാസ്ഥാപനവുമാണ് നിര്‍വഹിച്ചത്. വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള കൈത്തറി യൂണിഫോമുകള്‍, പാഠപുസ്തകങ്ങള്‍ എന്നിവയുടെ വിതരണവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷനായി.

ജില്ലയില്‍ പൂര്‍ത്തിയായ പുലാപ്പറ്റ എം.എന്‍. കെ.എം. ജി.എച്ച്.എസ്.എസ്, വട്ടേനാട് ജി.വി. എച്ച്.എസ്.എസ്, എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസ്, മുള്ളി, അഗളി, അള്ളംപാടം ജിഎല്‍പി സ്‌കൂളുകള്‍, കോങ്ങാട്, പട്ടാമ്പി, പുതിയങ്കം ജി.യു.പി സ്‌കൂളുകള്‍, ആനക്കല്‍ ജി. ടി. ഡബ്ലിയു. എച്ച്. എസ് എന്നീ പുതിയ സ്‌കൂളുകളുടെയും നവീകരിച്ച ഗണേഷ് ഗിരി ജി.എച്ച്.എസ്.സി ലാബ്, എലപ്പുള്ളി ജി യു പി എസ്, പുളിനെല്ലി ജി. എല്‍. പി. എസ്, പുതുക്കോട് ജി.എം.എല്‍. പി. എസ്, കോങ്ങാട് ജി.യു.പി.എസ് എന്നിവയുടെ ശിലാസ്ഥാപനം എന്നിവയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

പരിപാടിയില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി എം തോമസ് ഐസക്ക്, മന്ത്രിമാരായ ഇ. പി ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, ജി.സുധാകരന്‍, കെ. കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, എം.എം മണി, എ.സി മൊയ്തീന്‍, കെ.രാജു, വി. എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ. ടീ.ജലീല്‍, എം.എല്‍.എ.മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story