Times Kerala

ചോറ്റാനിക്കര സ്വദേശിയായ യുവതിക്ക് വിദേശത്ത് ക്രൂരപീഡനം; ലഹരി ഉപയോഗിക്കാന്‍ വിസമ്മതിച്ചപ്പോൾ രാസവസ്തു കുടിപ്പിച്ചു ഭർത്താവ്, ആന്തരികാവയവങ്ങൾക്ക് പൊള്ളൽ, സംസാരശേഷി നഷ്ടപ്പെട്ടു

 
ചോറ്റാനിക്കര സ്വദേശിയായ യുവതിക്ക് വിദേശത്ത് ക്രൂരപീഡനം; ലഹരി ഉപയോഗിക്കാന്‍ വിസമ്മതിച്ചപ്പോൾ രാസവസ്തു കുടിപ്പിച്ചു ഭർത്താവ്, ആന്തരികാവയവങ്ങൾക്ക് പൊള്ളൽ, സംസാരശേഷി നഷ്ടപ്പെട്ടു

കൊച്ചി: വിദേശത്ത് ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങൾക്ക് ഇരയായി ‌മരണാസന്നയായ യുവതിയെ നാട്ടിലെത്തിച്ചു. ചോറ്റാനിക്കര സ്വദേശിനിയായ ശ്രുതിയെയാണ് ലഹരിക്ക് അടിമയായ ഭര്‍ത്താവ്, ശുചിമുറി വൃത്തിയാക്കുന്ന രാസവസ്തു ബലം പ്രയോഗിപ്പിച്ചു കുടിപ്പിച്ചതോടെ ആന്തരാവയവങ്ങളാകെ കരിഞ്ഞുപോയ അവസ്ഥയിൽ നാട്ടിൽ എത്തിച്ചത്. ഇതിനിടെ യുവതിക്ക് സംസാരശേഷിയും നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ട ചികില്‍സക്ക് ശേഷം നാട്ടിലെത്തിയ ശ്രുതി പൊലീസിനും സംസ്ഥാന വനിതാകമ്മിഷനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും കുടുംബം പറയുന്നു.

ഉന്നത വിദ്യാഭ്യാസം നേടിയ ശ്രുതി ഇന്‍ഫോപാര്‍ക്കിലെ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥയായിരുന്ന. കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ട്യൂബുകളുടെ സഹായത്തിലാണ് ജീവന്‍ നിലനിർത്തുന്നത്. വിവാഹശേഷം രണ്ട് വര്‍ഷം മുന്‍പാണ് തൃശൂര്‍ സ്വദേശിയായ ഭര്‍ത്താവിനൊപ്പം ശ്രുതി കാനഡയിലേക്ക് പോയത്. ലഹരിക്ക് അടിമയായിരുന്ന ഭര്‍ത്താവ് ശ്രുതിയ്ക്കും നിര്‍ബന്ധപൂര്‍വം ലഹരി നല്‍കി. എതിര്‍ക്കുമ്പോള്‍ ക്രൂരമായി മര്ദിക്കറായിരുന്നു പതിവ്.

ലഹരി ഉപയോഗിക്കാന്‍ വിസമ്മതിച്ചപ്പോള്‍ കഴിഞ്ഞ മേയ് 14ന് പൈപ്പുകളിലെ മാലിന്യം നീക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ബലം പ്രയോഗിച്ച് വായില്‍ ഒഴിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ശ്രുതി അഞ്ച് മാസത്തോളം കാനഡയില്‍ ചികിത്സയിലായിരുന്നു. അന്നനാളവും, ശ്വാസനാളവും കരിച്ചു കളഞ്ഞ രാസവസ്തു സംസാരശേഷിയും ഇല്ലാതാക്കി. തുടർന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ 12നാണ് മാതാപിതാക്കള്‍ നാട്ടിലെത്തിച്ചത്.

ഭര്‍ത്താവിന്റെ ക്രൂരതയ്ക്കെതിരെ ചോറ്റാനിക്കര പൊലീസിലും, വനിതാകമ്മിഷനിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും മകൾക്ക് നീതി തേടി ഏതറ്റം വരെയും പോകുമെന്നും ശ്രുതിയുടെ പിതാവ് പറയുന്നു..

Related Topics

Share this story