Nature

രാവിലെ എങ്ങനെ രണ്ട് നേരത്തെ ഭക്ഷണം ഒരു കൈ സഹായമില്ലാതെ എട്ടരക്ക് മുന്നേ ഉണ്ടാക്കി തീര്‍ക്കുമെന്ന ചിന്തയോടൊപ്പം കടമയെന്നോണമഴിയുന്നതെല്ലാമോര്‍ത്തു; ഡോ. ഷിംന അസീസിന്റെ കുറിപ്പ്

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ഡോ. ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഡോ. ഷിംന അസീസിന്റെ കുറിപ്പ്,

അവസാനഭാഗമെത്തിയപ്പോഴാണ് സോനു കയറി വന്നത്. മാസമുറസമയത്ത് നിലത്തൊരു പായയില്‍ കിടക്കുന്ന പേരില്ലാത്ത ആ കഥാപാത്രം വാതിലടച്ചിരിക്കുന്നു, വീര്‍പ്പുമുട്ടുന്നു, ഒരു ഫേസ്ബുക്ക് ഷെയറിന്റെ പേരില്‍ കുടുംബവിചാരണക്ക് വിധേയയാകുന്നു.
‘ഇവരെന്താ ഇങ്ങനെയൊക്കെ ആ ചേച്ചിയോട് പെരുമാറുന്നത്?’
എന്റെ കണ്‍മുന്നില്‍ വെറുവയറ്റില്‍ മേശക്കരികില്‍ ചെന്നിരിക്കുമ്പോള്‍ തലേന്നത്തെ ഇറച്ചിക്കറിയിലൊരു നാര് പോലും ബാക്കിയില്ലാത്ത നീരിയില്‍ തേങ്ങ വറുത്തരച്ച് നീട്ടിയത് കരിഞ്ഞ ചപ്പാത്തിക്ക് മേല്‍ അറ്റമില്ലാത്ത ജീവിതം പോലെ എരിവും പുളിയുമില്ലാത്ത പെണ്ണോഹരിയായി ഒഴുകി കിടന്നു.
സ്‌നേഹം മാത്രം തന്ന ഒരമ്മയേയും അച്ഛനേയുമോര്‍ത്തു. അത് നശിപ്പിക്കാന്‍ ഇടക്കിടെ കേറി വന്നിരുന്ന കുറേ പെണ്‍മുഖങ്ങളോര്‍ത്തു.
മാസത്തിലൊരിക്കല്‍ വയറ് വേദനിച്ച് കമിഴ്ന്ന് കിടക്കുമ്പോള്‍ ”ഒരു ഗ്ലാസ് ചൂടുവെള്ളം വേണോ?” എന്ന് പോലും ചോദിക്കാനറിയാതെ അവര്‍ വളര്‍ത്തിയ നിഴലൊരുത്തന്‍ തന്ന നേരങ്ങള്‍ ഓര്‍മ്മയില്‍ നെഗളിച്ച് നടന്നു.
ചോരുന്ന സിങ്കിനടുത്ത് നിന്ന് പാത്രം കഴുകി രണ്ടിഞ്ച് വീതിയില്‍ വിമ്മും എച്ചിലും വെള്ളവും ചുരിദാറിന്റെ ലൈനിങ്ങും ചേര്‍ന്ന് അഴുകുന്ന ‘ഉറങ്ങാന്‍ ചെല്ലുന്ന മണം’ ഓര്‍ത്തു.
നടു നിവര്‍ത്താന്‍ ചെല്ലുന്നേരം ‘ചിരിച്ചില്ല’ എന്ന പരാതിയോര്‍ത്തു.
രാവിലെ എങ്ങനെ രണ്ട് നേരത്തെ ഭക്ഷണം ഒരു കൈ സഹായമില്ലാതെ എട്ടരക്ക് മുന്നേ ഉണ്ടാക്കി തീര്‍ക്കുമെന്ന ചിന്തയോടൊപ്പം കടമയെന്നോണമഴിയുന്നതെല്ലാമോര്‍ത്തു.
ഇതേക്കുറിച്ചെല്ലാം തുറന്ന് പറയുന്നതെങ്ങനെയെന്നും പറയാതാരിക്കുന്നതെങ്ങനെയെന്നുമോര്‍ത്തു.
പിന്നെ ഇത്ര മാത്രം പറഞ്ഞു…
‘മോനേ, നിനക്കൊരു കൂട്ടുകാരിയുണ്ടാവും. ഇപ്പോഴല്ല, ഏറെ നാള്‍ കഴിഞ്ഞ്. അന്നവള്‍ സഹിക്കരുത്, സ്‌നേഹിക്കണം, കൂടെ നിര്‍ത്തണം. അവളോടൊപ്പം വേണം നീ, സുഹൃത്തായും പങ്കാളിയായും. ‘
അവനോടിന്ന് വരെ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അവനതിന് ആയെന്ന് തോന്നിയിരുന്നില്ല. അവനത് എത്രത്തൊളം മനസ്സിലായെന്നുമെനിക്കറിയില്ല. പക്ഷേ, എന്തെങ്കിലുമൊന്ന് നെഞ്ചില്‍ കോറിയിട്ടു കാണുമവന്‍.
ഇന്നത് പറയിപ്പിച്ചതൊരു നല്ല സിനിമയാണ്.
ദ ഗ്രേറ്റ് ഇന്‍ഡ്യന്‍ കിച്ചണ്‍.
MUST WATCH

You might also like