Times Kerala

തിരുവനന്തപുരത്ത് ആദ്യ ദിനം വാക്‌സിൻ സ്വീകരിച്ചത് 763 പേർ

 
തിരുവനന്തപുരത്ത് ആദ്യ ദിനം വാക്‌സിൻ സ്വീകരിച്ചത് 763 പേർ

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ കുത്തിവയ്പ്പിനു ജില്ലയിൽ തുടക്കമായി. ജില്ലയിലെ 11 കേന്ദ്രങ്ങളിലായി 763 പേർ ആദ്യ ദിനം വാക്‌സിൻ സ്വീകരിച്ചു. ഇന്ന് (17 ജനുവരി) അവധിയായതിനാൽ കുത്തിവയ്പ്പ് ഇല്ല. നാളെ (18 ജനുവരി) വാക്‌സിനേഷൻ നടപടികൾ പുനരാരംഭിക്കും. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്.

ഇന്നലെ (ജനുവരി 16) രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതോടെയാണ് ജില്ലയിലെ കേന്ദ്രങ്ങളിലും കുത്തിവയ്പ്പിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയത്. ജില്ലയിലെ വാക്സിനേഷൻ കേന്ദ്രമായ പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടപടിക്രമങ്ങൾ വിലയിരുത്തി.
വാക്സിനേഷൻ കോവിഡിനെതിരായ പോരാട്ടത്തിൽ വലിയ ചുവടുവയ്പ്പാണെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ 11 കേന്ദ്രങ്ങളിലും ഇതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. വാക്‌സിനേഷനായുള്ള കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ, ശീതശൃംഘല, വാക്‌സിനേറ്റർമാരുടെ പരിശീലനം എന്നിവ മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞു. എല്ലാവരും വാക്‌സിനേഷൻ ഡ്രൈവിൽ പങ്കാളികളാകണമെന്നും അതുവഴി കോവിഡിനെ നമുക്കിടയിൽനിന്നു തുടച്ചുനീക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ആദ്യ ദിനത്തിൽ ഏറെ ശാസ്ത്രീയമായും കൃത്യതയോടെയും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ടുംവാക്സിനേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ഇതേ രീതിയിൽ വരും ദിവസങ്ങളിലും കൃത്യതയോടെയുള്ള നടപടിക്രമങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും കളക്ടർ അറിയിച്ചു.
ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രം, ജില്ല ആയുർവേദ ആശുപത്രി വർക്കല, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളാണ് ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ. എല്ലാ കേന്ദ്രങ്ങളിലും ഇന്നലെ (16 ജനുവരി )വൈകിട്ട് അഞ്ചിനു കുത്തിവയ്പ്പ് അവസാനിച്ചു. ഇനിയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയാകും കുത്തിവയ്പ്പ്.
വാക്‌സിൻ സ്വീകരിച്ച എല്ലാവർക്കും 0.5 എം.എൽ കോവീഷീൽഡ് വാക്‌സിനാണു നൽകിയത്. ആദ്യ ഡോസ് എടുത്തവർക്ക് 28 ദിവസത്തിനു ശേഷം രണ്ടാമത്തെ ഡോസ് നൽകും. വാക്‌സിൻ സ്വീകരിച്ചശേഷം 30 മിനിറ്റ് ഒബ്‌സർവേഷനിൽ ഇരുത്തിയ ശേഷമാണ് കുത്തിവയ്പ്പിനു വിധേയരായവരെ പോകാൻ അനുവദിച്ചത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണു ജില്ലയിലെ എല്ലാ വാക്‌സിനേഷൻ നടപടിക്രമങ്ങളും ഏകോപിപ്പിക്കുന്നത്. കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ടാസ്‌ക് ഫോഴ്‌സ്, ജില്ലാ കൺട്രോൾ റൂം എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമേ ബ്ലോക്ക് തലത്തിൽ മെഡിക്കൽ ഓഫിസർ നേതൃത്വം നൽകുന്ന ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സും ബ്ലോക്ക് കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്.

Related Topics

Share this story