Times Kerala

ഹില്ലി അക്വാ പരിശുദ്ധം; അരുവിക്കര പ്ലാന്റ് അത്യാധുനികം

 
ഹില്ലി അക്വാ പരിശുദ്ധം; അരുവിക്കര പ്ലാന്റ് അത്യാധുനികം

അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചു ശുദ്ധീകരണം നടത്തി തീര്‍ത്തും പരിശുദ്ധമായ വെള്ളമാണു ‘ഹില്ലി അക്വാ’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്നത്. തൊടുപുഴയ്ക്കു പുറമേ അരുവിക്കരയില്‍നിന്നുകൂടി ഹില്ലി അക്വാ വിപണിയിലേക്കെത്തുന്നതോടെ ഗുണമേന്മയുള്ള കുടിവെള്ളം മിതമായ നിരക്കില്‍ യഥേഷ്ടം പൊതുജനങ്ങള്‍ക്കു ലഭ്യമാകും.

ജല അതോറിറ്റി നല്‍കുന്ന വെള്ളം സാന്‍ഡ് ഫില്‍ട്രേഷന്‍, കാര്‍ബണ്‍ ഫില്‍ട്രേഷന്‍, മൈക്രോണ്‍ ഫില്‍ട്രേഷന്‍, അല്‍ട്രാ ഫില്‍ട്രേഷന്‍ ട്രീറ്റ്മെന്റ്, ഓക്സിജന്‍ അളവു ക്രമീകരിക്കുന്നതിന് ഓസോണൈസേഷന്‍ എന്നിവ നടത്തിയാണ് കുപ്പിവെള്ളമാക്കി വിതരണത്തിനു തയാറാക്കുന്നത്. 20 ലിറ്ററിന്റെ 2720 കുപ്പിവെള്ളം പ്രതിദിനം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള യന്ത്രസംവിധാനമാണ് അരുവിക്കരയില്‍ ഇപ്പോള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിനു പുറമേ മണിക്കൂറില്‍ 7,200 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള രണ്ടു പ്രൊഡക്ഷന്‍ ലൈനുകള്‍കൂടിയുണ്ട്. ഇവയില്‍നിന്ന് ഒരു ലിറ്റര്‍, രണ്ടു ലിറ്റര്‍, 750 മില്ലി, അര ലിറ്റര്‍ എന്നിങ്ങനെയുള്ള കുപ്പികളില്‍ വെള്ളം നിറയ്ക്കാനാകും.

20 ലിറ്ററിന്റെ കുപ്പിവെള്ളമാണ് ആദ്യ ഘട്ടത്തില്‍ അരുവിക്കരയില്‍നിന്നു വിപണിയിലേക്കെത്തുന്നത്. തുടര്‍ന്നുള്ള മാസങ്ങളില്‍ മറ്റു വിഭാഗങ്ങളിലെ കുപ്പികളിലും വെള്ളം എത്തും. കുടുംബശ്രീവഴിയാണ് 60 ലിറ്ററിന്റെ കുപ്പിവെള്ളം വിപണിയിലെത്തിക്കുക. ഇതിനായി ആറു യുവതീയുവാക്കളടങ്ങുന്ന സാന്ത്വനം എന്ന ഗ്രൂപ്പിനു പ്രത്യേക പരിശീലനം നല്‍കി.

2020 ഫെബ്രുവരിിലാണ് അരുവിക്കരയിലെ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപമെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ(കിഡ്ക്) ഏല്‍പ്പിക്കുന്നത്. ഇതിനായി മേയ് അഞ്ചിനു ജല അതോറിറ്റിയും കിഡ്കുമായി ധാരണാപത്രം ഒപ്പുവച്ചു. കോവിഡ് പ്രതിസന്ധിയിലും കാര്യക്ഷമമായ ഇടപെടലിലൂടെ പ്ലാന്റിന്റെ വിവിധ യന്ത്ര സംവിധാനങ്ങളുടെ നവീകരണം, വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള ലൈസന്‍സ്, പെര്‍മിറ്റ് എന്നിവ നേടിയെടുക്കാനായി. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പദ്ധതിയില്‍പ്പെടുത്തിയാണ് അതിവേഗം പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങിയത്.

Related Topics

Share this story