Times Kerala

പത്തനംതിട്ട: പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കായി 500 പഠന മുറികള്‍

 
പത്തനംതിട്ട: പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കായി 500 പഠന മുറികള്‍

പത്തനംതിട്ട: ജില്ലയില്‍ പട്ടിക ജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ 2020-2021 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുങ്ങുന്നത് 500 പഠനമുറികള്‍. വിദ്യാര്‍ഥികള്‍ക്ക് നിലവിലെ വീടിനൊപ്പം പഠനമുറി നിര്‍മിക്കുന്നതിനു രണ്ടു ലക്ഷം രൂപ വീതമാണ് പട്ടികജാതി വികസന വകുപ്പ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, ടെക്നിക്കല്‍, സ്പെഷ്യല്‍ സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന ജില്ലയിലെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണു വീടിനൊപ്പം പഠനമുറി ഒരുക്കുന്നതിനു ധനസഹായം ലഭിക്കുന്നത്.

ജില്ലയില്‍ 467 പേര്‍ പഠനമുറി നിര്‍മ്മാണം ആരംഭിച്ചു. 74 പേര്‍ പഠനമുറികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ധനസഹായ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണു വിതരണം നടത്തുന്നത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്കു ധനസഹായ തുക നാലു ഗഡുക്കളായാണു വിതരണം ചെയ്തുവരുന്നത്. ആദ്യ ഘട്ടത്തില്‍ അടിത്തറ നിര്‍മ്മാണത്തിന് 30,000 രൂപ, ഒരു വാതില്‍, രണ്ടു പാതികകളുള്ള രണ്ടു ജനലുകള്‍ എന്നിവയുടെ കട്ടിളകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ രണ്ടാം ഘട്ടത്തില്‍ 60,000 രൂപയും മൂന്നാം ഘട്ടമായി കോണ്‍ക്രീറ്റിംഗ്്, പ്ലാസ്റ്ററിംഗ്്, ടൈലുകള്‍ പാകുന്നത്് ഉള്‍പ്പെടെ ചെയ്യുന്നതിന് 80,000 രൂപയും നാലാം ഘട്ടമായി വാതില്‍, ജനല്‍, പുസ്തകം സൂക്ഷിക്കുന്നതിനുള്ള അലമാര എന്നിവ സ്ഥാപിക്കുന്നതിനും വൈദ്യുതീകരണത്തിനുമായി 30,000 രൂപയും നല്‍കും.

ഗ്രാമസഭകളിലെ ലിസ്റ്റാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ഉപയോഗിച്ചത്. പട്ടികജാതി വകുപ്പില്‍ നിന്നും മറ്റു ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവരാണ് ഈ പദ്ധതിയുടെ ഗുണഭോകതാക്കള്‍. പഠനമുറിക്കായി 120 ച.അടി മുറി നിര്‍മിച്ച് മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുന്നു. ചുവരുകള്‍ പ്ലാസ്റ്ററിംഗ് ചെയ്ത് പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഭിത്തി അലമാരയും സ്ഥാപിക്കുന്നു. തറക്ക് ടൈലുകള്‍ ഉപയോഗിക്കുന്നു. വൈദ്യുതീകരിച്ച് ലൈറ്റ്, ഫാന്‍ എന്നിവ പഠനമുറിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസര്‍മാര്‍ പരിശോധന നടത്തുകയും ചെയ്യും.

Related Topics

Share this story