Times Kerala

പഠനത്തില്‍ മികവുള്ള പതിനായിരം നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

 
പഠനത്തില്‍ മികവുള്ള പതിനായിരം നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: സംസ്ഥാനത്തെ പഠിക്കാന്‍ മിടുക്കരായ നിര്‍ധനരായ 10,000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കാനുള്ള വണ്‍ സ്കൂള്‍ വണ്‍ ഐഎഎസ് പദ്ധതി ജനുവരി 16 ശനിയാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. വേദിക് എര്യുഡൈറ്റ് ഫൗണ്ടേഷന്‍റെ സ്കോളര്‍ഷിപ്പ് വഴിയാണ് സൗജന്യ പരിശീലനം നല്‍കുന്നത്.

ശനിയാഴ്ച രാവിലെ പതിനൊന്നരയ്ക്ക് കൊച്ചി ഗ്രാന്‍റ് ഹയാത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മുന്‍ അഡി. ചീഫ് സെക്രട്ടറി ഡോ. സിവി ആനന്ദബോസ് ഐഎഎസ്, ചലച്ചിത്രനടി മഞ്ജു വാര്യര്‍, മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ്, മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളുടെ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. മുഹമ്മദ് ബഷീര്‍, കര്‍ണാടകയിലെ മുന്‍ ചീഫ് സെക്രട്ടറിയും ക്യാബിനറ്റ് മന്ത്രിയുമായിരുന്ന ഡോ. ജെ അലക്സാണ്ടര്‍ ഐഎഎസ്, കര്‍ണാടകയിലെ മുന്‍ ഡിജിപി ശങ്കര്‍ ബിദരി ഐപിഎസ്, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര വേദിക് എര്യൂഡൈറ്റ് ഫൗണ്ടേഷന്‍ സെക്രട്ടറി ജെയിംസ് മറ്റം തുടങ്ങിയവര്‍ നേരിട്ടും ഓണ്‍ലൈനായും പങ്കെടുക്കും.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളില്‍ നിന്നും ഒരു ഐഎഎസ് എന്ന സ്വപ്നവുമായാണ് വേദിക് എര്യുഡൈറ്റ് ഫൗണ്ടേഷന്‍ ഈ വിപുലമായ ജനകീയ വിദ്യാഭ്യാസവിപ്ലവത്തിന് തുടക്കമിടുന്നത്. സ്കൂളുകളിലെ അധ്യാപകര്‍ തെരഞ്ഞെടുക്കുന്ന പഠിക്കാന്‍ മിടുക്കരായ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് വഴി വേദിക് എര്യുഡൈറ്റ് സ്കോളര്‍ഷിപ്പ് നല്‍കും. ഇവരുടെ ഫീസ് പൂര്‍ണമായും സ്പോണ്‍സര്‍മാരായിക്കും വഹിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പഠിക്കാന്‍ മിടുക്കരായ പത്ത് നിര്‍ധന പെണ്‍കുട്ടികള്‍ക്കുള്ള വേദിക് സ്കോളര്‍ഷിപ്പ് മഞ്ജു വാര്യരാണ് സ്പോണ്‍സര്‍ ചെയ്യുന്നത്.

സംസ്ഥാനത്തെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒരു ലക്ഷം നിര്‍ധന വിദ്യാര്‍ത്ഥികള ഈ സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് വേദിക് എര്യുഡൈറ്റ് ഫൗണ്ടേഷന്‍ തെരഞ്ഞെടുക്കുന്നുണ്ട്. കേവലം സിവില്‍ സര്‍വീസ് പരിശീലനം മാത്രമല്ല, ഏത് മത്സരപ്പരീക്ഷകളിലും തെരഞ്ഞെടുക്കുന്ന കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് വണ്‍ സ്കൂള്‍ വണ്‍ ഐഎഎസ് പദ്ധതിക്കുള്ളത്.

ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നരായ വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണ് ക്ലാസുകള്‍ നയിക്കുന്നത്. ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ് ഡോ. ബാബു സെബാസ്റ്റ്യന്‍, ഡോ. മുഹമ്മദ് ബഷീര്‍, ഡോ. ജെ അലക്സാണ്ടര്‍ ഐഎഎസ്, ശങ്കര്‍ ബിദരി ഐപിഎസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍.

സിവില്‍ സര്‍വീസ് പരിശീലന രംഗത്തെ പ്രഗത്ഭരായ ഡോ. ഓ.പി.മിനോച്ച, ഡോ. സി .വി . ആനന്ദ ബോസ് ഐ.എ.എസ് , കേണല്‍ ഡി.എസ്. ചീമ, പ്രൊഫ. എന്‍.കെ.ഗോയല്‍, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വിവേക് അത്രെ, മുന്‍ യുജിസി സെക്രട്ടറി നിലോഫര്‍ എ കസ്മി, ലോകസഞ്ചാരിയും സഫാരി ചാനല്‍ മേധാവിയുമായ ശ്രീ. സന്തോഷ് ജോര്‍ജ് കുളങ്ങര തുടങ്ങിയവരുള്‍പ്പെടുന്നതാണ് പരിശീലക നിര.

Related Topics

Share this story