Times Kerala

കേരളത്തിലെത്തുന്നത് 4,33,500 ഡോസ് വാക്‌സിനുകൾ, ആദ്യഘട്ട വിതരണം ശനിയാഴ്ച, സജ്ജമായി 133 കേന്ദ്രങ്ങൾ

 
കേരളത്തിലെത്തുന്നത് 4,33,500 ഡോസ് വാക്‌സിനുകൾ, ആദ്യഘട്ട വിതരണം ശനിയാഴ്ച, സജ്ജമായി 133 കേന്ദ്രങ്ങൾ

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷനുള്ള 4,33,500 ഡോസ് വാക്‌സിനുകൾ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്‌സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണൽ വാക്‌സിൻ സ്റ്റോറുകളിലാണ് വാക്‌സിൻ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്‌സിനിൽ നിന്നും 1,100 ഡോസ് വാക്‌സിനുകൾ മാഹിയിൽ വിതരണം ചെയ്യും. വാക്‌സിൻ എത്തിയാൽ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രത്യേക സംവിധാനങ്ങളേർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷൻ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തി വരുന്നത്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related Topics

Share this story