Times Kerala

അസാപിലൂടെ തൊഴിൽ നൈപുണ്യശേഷി കൈവരിച്ചത് രണ്ടു ലക്ഷത്തിലധികം വിദ്യാർത്ഥികൾ

 
അസാപിലൂടെ തൊഴിൽ നൈപുണ്യശേഷി കൈവരിച്ചത് രണ്ടു ലക്ഷത്തിലധികം വിദ്യാർത്ഥികൾ

സംസ്ഥാനത്ത് അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിലൂടെ (അസാപ്) തൊഴിൽ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയത് രണ്ടു ലക്ഷത്തിലധികം വിദ്യാർത്ഥികൾ. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യവും ലഭ്യമാക്കുന്നതിന് വിവിധ ജില്ലകളിലായി നടന്ന പരിശീലന പരിപാടിയിലൂടെയാണ് ഇത്രയും പേർ തൊഴിൽ പരിശീലനം പൂർത്തിയാക്കിയത്. ഗവ/എയ്ഡഡ് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ആർട്സ്-സയൻസ് കോളേജുകൾ എന്നിവയിൽ പ്രവർത്തിച്ചു വരുന്ന 121 സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളിലൂടെയാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. ഇതിനു പുറമേ 66 എൻജിനിയറിങ് കോളേജുകൾ, 45 പോളിടെക്നിക്കുകൾ എന്നിവിടങ്ങളിലും പദ്ധതി നടപ്പിലാക്കി.

നൈപുണ്യവികസനവും ആത്മവിശ്വാസവും നേടാനും, ജോലി സാധ്യത വർധിപ്പിക്കാനും സാധിച്ചതായി പരിശീലനം നേടിയ രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. എൻജിനിയറിങ്, പോളിടെക്നിക് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നതിനായി അഡ്വാൻസ്ഡ് സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളും അസാപിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പുതിയ തൊഴിൽ മേഖലാ സാഹചര്യങ്ങളും, നിലവിലെ എൻജിനിയറിങ് വിദ്യാഭ്യാസ രീതിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായി, പ്രസക്തിയേറുന്ന തൊഴിലുകൾ കണ്ടെത്തി പരിശീലിപ്പിക്കാൻ ആവശ്യമായ പാഠ്യപദ്ധതികൾ വ്യവസായമേഖലയുടെ കൂടി സഹായത്തോടെ വികസിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തെ 45 സർക്കാർ പോളിടെക്നിക്കുകളിലായി ആറര കോടിയോളം രൂപ ചെലവിൽ ഫാബ് ലാബ്, റോബോട്ടിക് കിറ്റ് തുടങ്ങിയ നൂതന സാങ്കേതിക ഉപകരണങ്ങൾ അടങ്ങിയ വ്യവസായ ലാബുകൾ ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് വ്യവസായ മാതൃകകളിലെ പരിശീലനവും, ഇന്റേൺഷിപ്പും നൽകുന്നതിലൂടെ അഡ്വാൻസ്ഡ് സ്‌കിൽ ഡെവലപ്മെന്റ് സെന്ററുകളെ ഭാവിയിൽ മിനി ഇൻഡസ്ട്രി ആയി വളർത്തിയെടുക്കാനും പഠനത്തിനൊപ്പം വരുമാനവും എന്ന ആശയം പ്രോത്സാഹിപ്പിക്കാനും അസാപ് ലക്ഷ്യമിടുന്നു.

Related Topics

Share this story