Times Kerala

പുലർച്ച യാത്ര ചെയ്യുന്നവർ സൂക്ഷിക്കണം; തിരുവല്ലക്ക് സമാനമായ ആക്രമണം ചങ്ങനാശേരിയിലും, ഒരാഴ്ചക്കിടെ ബൈക്കിലും കാറിലും എത്തുന്ന അക്രമ സംഘത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത് നാല് പേർ; നഷ്ടമായത് ആയിരങ്ങൾ

 
പുലർച്ച യാത്ര ചെയ്യുന്നവർ സൂക്ഷിക്കണം; തിരുവല്ലക്ക് സമാനമായ ആക്രമണം ചങ്ങനാശേരിയിലും, ഒരാഴ്ചക്കിടെ ബൈക്കിലും കാറിലും എത്തുന്ന അക്രമ സംഘത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത് നാല് പേർ; നഷ്ടമായത് ആയിരങ്ങൾ

ചങ്ങനാശേരി: പുലർച്ചെ മത്സ്യമാർക്കറ്റിലേക്കു പോകുന്ന വ്യാപാരികൾക്കു ഭീഷണിയായി കവർച്ച സംഘങ്ങൾ. മുൻപ് തിരുവല്ല ഭാഗത്ത് നിന്നും റിപ്പോർട്ട് ചെയ്ത സംഭവം ഇപ്പോൾ ചങ്ങനാശേരിയിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന കവർച്ച ശ്രമങ്ങളിൽ അക്രമി സംഘത്തിനു മുന്നിൽ നിന്നു നാല് വ്യാപാരികളാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. കയ്യിലുണ്ടായിരുന്ന കാശ് നഷ്ടമായെങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണിവർ.അക്രമം പതിവായതോടെ അജ്ഞാത സംഘങ്ങളുടെ ഭീഷണിയിൽ നിന്നു രക്ഷ തേടി വ്യാപാരികൾ പൊലീസിനെ സമീപിച്ചിരിക്കുകയാണ്.വെള്ള ഒമിനി വാനിൽ എത്തിയ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഭവങ്ങൾ കഴിഞ്ഞയാഴ്ച തിരുവല്ല ഭാഗത്തു റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ചങ്ങനാശേരിയിലും സമാന സ്വഭാവമുള്ള ആക്രമണങ്ങൾ വ്യാപകമാകുന്നത്. ഇവിടെ ബൈക്കുകളിലാണു സംഘം എത്തുന്നത്. പുലർച്ചെ രണ്ടരയ്ക്കും നാലിനും ഇടയിലാണ് ആക്രമണം ഉണ്ടായത്. ചങ്ങനാശേരി ചന്തയിൽ നിന്നു മത്സ്യം എടുക്കാനായി വന്ന വ്യാപാരികളെ മതുമൂല, തെങ്ങണ, പെരുന്ന റെഡ് സ്ക്വയർ, കിടങ്ങറ എന്നീ ഭാഗങ്ങളിൽ വച്ചാണു ബൈക്കുകളിലും കാറുകളിലും എത്തുന്ന സംഘം ആക്രമിക്കുന്നത്. പല ഭാഗങ്ങളിലായി ഒതുക്കി നിർത്തിയിട്ടുള്ള ബൈക്കുകളിൽ ഒരെണ്ണം പെട്ടെന്നു മുന്നോട്ടെടുത്തു റോഡിൽ വ്യാപാരികളുടെ വാഹനത്തിനു കുറുകെ ഇടുകയാണ് ഇവരുടെ രീതിയെന്ന് ആക്രമണത്തിനിരയായവർ പറയുന്നു. തുടർന്നു ബൈക്കിൽ നിന്ന് ഇറങ്ങുന്നവരും പിന്നാലെയെത്തുന്ന സംഘത്തിലെ മറ്റുള്ളവരും ചേർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും. കഴിഞ്ഞ ആഴ്ച തെങ്ങണയിലാണ് ആദ്യ സംഭവം ഉണ്ടായത്. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ പകച്ചു പോയ വ്യാപാരിയുടെ പക്കൽ ഉണ്ടായിരുന്ന 8000 രൂപയും സംഘം അപഹരിച്ചു. മറ്റു സംഭവങ്ങളിൽ കവർച്ച സംഘത്തെ വെട്ടിച്ചു വാഹനം മുൻപോട്ടെടുത്തു വ്യാപാരികൾ രക്ഷപ്പെടുകയായിരുന്നു എന്നാണു പൊലീസിന് ലഭിച്ച റിപ്പോർട്ട്. ഇന്നലെ പുലർച്ചെ ബൈക്കിലെത്തിയ മത്സ്യവ്യാപാരിയെ മതുമൂല ഭാഗത്തു വച്ചാണു കവർച്ച സംഘം ആക്രമിക്കാൻ ശ്രമിച്ചത്. ബൈക്കിന്റെ വേഗം കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ച വ്യാപാരിയെ ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ ഭാഗം വരെ സംഘം പിന്തുടരുകയും ചെയ്തു. വ്യാപാരി മാർക്കറ്റിൽ പ്രവേശിച്ചതോടെ ഇവർ പിന്തിരിഞ്ഞു പോകുകയായിരുന്നു.  ഇത് സംബന്ധിച്ച് വ്യാപാരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരേ സംഘത്തിൽപെട്ടവരാണ് ആക്രമണത്തിനു പിന്നിലെന്നാണു സംശയം.സംഘത്തിനെ കണ്ടെത്താൻ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Related Topics

Share this story