Times Kerala

പേവിഷബാധ പേടിക്കണം, വേണം അതിജാഗ്രത.!

 
പേവിഷബാധ പേടിക്കണം, വേണം അതിജാഗ്രത.!

തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ അഥവാ റാബിസ് എന്ന് പറയുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണിത്. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കാണുന്ന വൈറസുകള്‍ അവയുടെ കടികൊണ്ടോ മാന്തുകൊണ്ടോ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവില്‍ക്കൂടി/ പോറലില്‍ക്കൂടി ശരീര പേശികള്‍ക്കിടയിലെ സൂക്ഷ്മ നാഡികളില്‍ എത്തപ്പെട്ട് കേന്ദ്രനാഡീ വ്യൂഹത്തില്‍ക്കൂടി സഞ്ചരിച്ച് സുഷുമ്‌നാ നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു. ഇതിനു പുറമേ ചുണ്ട്, നാക്ക്, വായ എന്നിവിടങ്ങളിൽ മൃഗങ്ങൾ നക്കുക വഴിയും വൈറസ് ബാധിക്കാം. വൈറസ് ബാധ ഉണ്ടായി രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് വരെയുള്ള ഇടവേള മാസങ്ങള്‍ നീണ്ടു നില്‍ക്കാം. കേന്ദ്ര നാഡീവ്യൂഹത്തില്‍ വൈറസ് എത്ര പെട്ടെന്ന് എത്തുന്നുവോ അത്രയും ദൈര്‍ഘ്യം മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ എടുക്കുകയുള്ളൂ. ഇത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ സമയം എടുക്കാം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം തീര്‍ച്ചയാണ്.പേവിഷബാധ 90 ശതമാനവും പട്ടികളിൽ നിന്നാണ് പകരുന്നത്. മറ്റു വളർത്തുമൃഗങ്ങൾ വഴിയും വന്യമൃഗങ്ങൾ വഴിയും ചിലയിനം വവ്വാലുകൾ വഴിയും വൈറസ് ബാധിക്കാൻ സാധ്യതയുണ്ട്. വളർത്തു മൃഗങ്ങളുടെ കടിയേറ്റാൽ, പ്രതിരോധ കുത്തിവെപ്പ് എടുത്തവ ആണെങ്കിലും, പറ്റുമെങ്കിൽ അവയെ കെട്ടിയിടുകയോ കൂട്ടിലാക്കുകയോ ചെയത് 10 ദിവസം വരെയെങ്കിലും നിരീക്ഷിക്കണം. രോഗബാധയുള്ള മൃഗം ആണെങ്കിൽ പത്തുദിവസത്തിനകം ചത്തുപോവുകയോ രോഗലക്ഷണങ്ങൾ പ്രകടമാകുകയോ ചെയ്യും. എന്തുതന്നെയാണെങ്കിലും കടി ഏൽക്കുകയോ പോറലേൽക്കുകയോ ചെയ്താൽ ഉടൻതന്നെ മുറിവ് ടാപ്പ് വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കണം. സോപ്പുപയോഗിച്ച് 10-15 മിനിറ്റ് വരെ കഴുകണം. മുറിവ് കെട്ടിവയ്ക്കുകയോ മഞ്ഞൾപൊടി കാപ്പിപ്പൊടി മുതലായവ ഉപയോഗിച്ച് മുറിവ് ഉണക്കാനോ ശ്രമിക്കരുത്. മുറിവ് സോപ്പിട്ട് കഴുകിയ ശേഷം ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടേണ്ടതും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടതുമാണ്.പൂർണ്ണമായും തടയാവുന്ന ഒന്നാണ് പേവിഷബാധയേറ്റുള്ള മരണം. ആയതിനാൽ നാം ജാഗ്രത പാലിക്കേണ്ടതാണ്.

Related Topics

Share this story