Times Kerala

ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധന ക്ഷേത്രം

 
ദക്ഷിണേന്ത്യയിലെ ഒരേയൊരു ദുര്യോധന ക്ഷേത്രം

മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രമായ കൗരവ രാജാവ് ദുര്യോധനനെ ആരാധിക്കുന്ന ദക്ഷിണേന്ത്യയിലെ ഒരേയൊരു ക്ഷേത്രമാണ്, കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ പോരുവഴി ഗ്രാമത്തിലുള്ള പെരുവിരുത്തി മലനട ക്ഷേത്രം. ശ്രീകോവിലോ, വിഗ്രഹമോ ഇല്ലാതെ, ദുര്യോധന സങ്കൽപ്പാരാധനയാണിവിടെ പിന്തുടരുന്നത്. നാടുകടത്തപ്പെട്ട പാണ്ഡവരെ അന്വേഷിച്ച്‌ കാടുകൾ തോറുമലഞ്ഞ കൗരവ രാജാവ് മലനടക്കുന്നിലും എത്തുകയുണ്ടായി. അപ്പോഴേക്കും വളരെ ക്ഷീണിതനായ അദ്ദേഹം അടുത്ത് കണ്ട ഒരു വീട്ടിൽ പോയി ദാഹജലം ആവശ്യപ്പെട്ടു. ആ നാട് ഭരിച്ചിരുന്ന മലനട അപ്പൂപ്പൻ താമസിച്ചിരുന്ന കടുത്തമശ്ശേരി കൊട്ടാരമായിരുന്നു അത്. അന്ന് നിലവിലുണ്ടായിരുന്ന അതിഥി സൽക്കാരമനുസരിച്ചു, രാജാവിന്റെ ദാഹം മാറ്റാനായി കള്ള് നൽകപ്പെട്ടു. വളരെ ആസ്വദിച്ചു കുടിച്ച ശേഷം, അതു നൽകിയ പ്രായമായ സ്ത്രീയുടെ താലി ശ്രദ്ധിച്ചപ്പോഴാണ്, അവർ കുറവൻ ഗോത്രത്തിൽപ്പെട്ടവരായിരുന്നു എന്ന് രാജാവിന് മനസ്സിലായത്. ആ നാടിന്റെയും നാട്ടുകാരുടെയും ദിവ്യത്വം അറിയാനിടയായ രാജാവ്, ആ മലയിൽ ഇരുന്നുകൊണ്ട്, പ്രജകളുടെ ക്ഷേമത്തിനായി പരമശിവനെ പ്രാർത്ഥിച്ചു എന്നാണ് ഐതിഹ്യം. അവരുടെ അഭിവൃദ്ധിക്കായി നൂറുകണക്കിന് ഏക്കറോളം നെൽവയലുകൾ സൗജന്യമായി രാജാവ് നൽകി എന്നും പറയപ്പെടുന്നു. ഇന്നും ക്ഷേത്രത്തിനു കീഴിലുള്ള ഭൂപ്രദേശത്തിന്റെ കരമൊടുക്കുന്നതു ” ദുര്യോധനൻ” എന്ന പേരിലാണ്. രാജാമാതാവായ ഗാന്ധാരിയും, ഗുരുവായ ദ്രോണരും, സഹോദരി ദുശ്ശളയും, കർണ്ണനും അതിനടുത്തായി തന്നെ പൂജിക്കപ്പെടുന്നു. “കുറവ ” ഗോത്രത്തിൽപ്പെട്ടവരാണ്‌ ഇവിടത്തെ പൂജാരികൾ. തമോഗുണചേഷ്ടകൾക്കു പേരുകേട്ട ദുര്യോധനൻ പ്രധാന ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം തീർത്തും ഒരു പ്രത്യേകത തന്നെ.

Related Topics

Share this story