Times Kerala

സംസ്ഥാനത്തെ ആദ്യ പബ്ലിക്ക് ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൊച്ചിയിൽ

 
സംസ്ഥാനത്തെ ആദ്യ പബ്ലിക്ക് ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൊച്ചിയിൽ

ഹരിത വാഹനങ്ങളെ സ്വീകരിക്കുന്ന കേരളത്തിലെ ആദ്യ നഗരം കൊച്ചിയായിരിക്കുമെന്നു സൂചന. സംസ്ഥാനത്തെ ആദ്യ പബ്ലിക്ക് ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാവുന്നത് കൊച്ചിലായിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം നഗരത്തില്‍ 15 ചാര്‍ജിംഗ് സ്‌റ്റേഷനുകൾ ഉടൻ ഒരുങ്ങും.പൊതു മേഖല എണ്ണ കമ്പനികള്‍ക്കായിരിക്കും ഇതിന്റെ നിര്‍മ്മാണ-നടത്തിപ്പു ചുമതലകള്‍. ഇതില്‍ ആദ്യ മൂന്ന് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൊച്ചി മേഖലയിലായിരിക്കുമെന്നും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമായി 15 -ല്‍ 14 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുക ഭാരത് പെട്രോളിയം കോര്‍പ്പറേഷനായിരിക്കും. ഇടപ്പള്ളി, ഇന്‍ഫോപാര്‍ക്ക്, കേരള ഹൈക്കോടതി എന്നിവിടങ്ങളിലുള്ള കമ്പനിയുടെ പെട്രോളിയം ഔട്ട്‌ലെറ്റുകള്‍ക്ക് സമീപമായിരിക്കും ഇവ പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഇടപ്പള്ളിയ്ക്ക് സമീപം ചാര്‍ജിംഗ് സംവിധാനമൊരുങ്ങും. കൊച്ചിയ്ക്ക് ശേഷം തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി, കോലാഴി, ചാലക്കുടി, കൊമ്പിടി, ചേവൂര്‍, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, ചൂണ്ടല്‍ വാണിയമ്പാറ എന്നിവടങ്ങളിലും ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.നേരിട്ട് ബാറ്ററി ചാര്‍ജ് ചെയ്യാനും ബാറ്ററി മാറ്റാനുമുള്ള സൗകര്യങ്ങള്‍ ഇവയിലൊരുക്കും. സുരക്ഷയെ മുന്‍നിര്‍ത്തി ഫ്യുവല്‍ വെന്‍ഡിംഗ് മെഷീനുകളില്‍ നിന്ന് ചുരുങ്ങിയത് ആറ് മീറ്റര്‍ അകലമെങ്കിലും പാലിച്ചായിരിക്കും ഇലക്ട്രിക്ക് ചാര്‍ജിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കുക. ചാര്‍ജ് ചെയ്യുന്നതിനിടയില്‍ അബദ്ധവശാല്‍ ഡിസ്‌കണക്റ്റാവുന്നത് തടയാനായി ലോക്കിംഗ് സംവിധാനം ഈ യൂണിറ്റുകളില്‍ ഉള്‍പ്പെടുത്തും. ഈ ചാര്‍ജിംഗ് സംവിധാനങ്ങള്‍ക്ക് പ്രത്യേകമായിട്ടായിരിക്കും പവര്‍ സപ്ലൈ നല്‍കുക.

Related Topics

Share this story