Times Kerala

ജോബ്/ഇന്‍കം ലോസ് ഇന്‍ഷുറന്‍സ് വിഭാഗം ആരംഭിച്ച് പോളിസിബസാര്‍

 
ജോബ്/ഇന്‍കം ലോസ് ഇന്‍ഷുറന്‍സ് വിഭാഗം ആരംഭിച്ച് പോളിസിബസാര്‍

കൊച്ചി: നിലവിലെ കോവിഡ്-19 പകര്‍ച്ചവ്യാധിയും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ സാരമായിത്തന്നെ ബാധിച്ചു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പറയുന്നതനുസരിച്ച്, 2020-21- ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 23.9 ശതമാനം ചുരുങ്ങി, ഈയടുത്ത മാസങ്ങളിലായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ മികച്ച സൂചനകള്‍ സമ്പദ്വ്യവസ്ഥ കാണിക്കുന്നുണ്ടെങ്കിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്വകാര്യമേഖലയില്‍ നിരന്തരമായ സമ്മര്‍ദ്ദമുണ്ട്. ജോലി/വരുമാനനഷ്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആളുകളെ സഹായിക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് മാര്‍ക്കറ്റ് പ്ലേസ് ഒരു പുതിയ വിഭാഗം ആരംഭിച്ചിരിക്കുകയാണ്, ഇവിടെ സന്ദര്‍ശകര്‍ക്ക് ജോബ്/ഇന്‍കം ലോസ് ഇന്‍ഷുറന്‍സ് പ്രോഡക്റ്റ്‌സ് വാങ്ങാം. ഈ പുതിയ സംരംഭത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ പ്രമുഖ ഇന്‍ഷുറര്‍മാരായ എസ്ബിഐ ജനറല്‍, ശ്രീറാം ജനറല്‍, യൂണിവേഴ്‌സല്‍ സോമ്പോ, ആദിത്യ ബിര്‍ള ഇന്‍ഷുറന്‍സ് എന്നിവര്‍ വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നത്തെക്കുറിച്ച് കൂടുതലറിയാം. ഇതിലൂടെ, ഒരു നിശ്ചിത സമയത്തേക്ക് ഉപയോക്താക്കള്‍ക്ക് ബദല്‍ വരുമാന ആനുകൂല്യ പോളിസികള്‍ നല്‍കാനാണ് പോളിസിബസാര്‍ ലക്ഷ്യമിടുന്നത്.

നിലവില്‍, ജോബ്/ഇന്‍കം ലോസ് ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ വിപണിയില്‍ ലഭ്യമല്ല അല്ലെങ്കില്‍ അതിന്റെ വില്‍പ്പന അത്ര ജനപ്രിയമല്ല. ഈ പുതിയ വിപണന ശാഖ ആരംഭിക്കുന്നതോടെ, ജോലി / വരുമാനനഷ്ടം എന്നിവയ്ക്കുള്ള കവറേജ് നല്‍കുന്ന പ്ലാനുകള്‍ താരതമ്യപ്പെടുത്താനും ഓണ്‍ലൈനില്‍ എളുപ്പത്തില്‍ വാങ്ങാനും കഴിയും. തൊഴിലില്ലാതാകുന്നതു മൂലം ഉണ്ടാകുന്ന വരുമാനനഷ്ടം മാത്രമല്ല, സ്വയം തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ പോലും ഉപഭോക്താക്കളെ പരിരക്ഷിക്കുന്നു എന്നതാണ് ചില ഇന്‍ഷുറന്‍സ് പ്ലാനുകളുടെ ഒരു പ്രധാന പ്രത്യേകത. ഈ പദ്ധതികള്‍ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു, പിരിച്ചുവിടല്‍/ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കല്‍ അല്ലെങ്കില്‍ വെട്ടിക്കുറയ്ക്കല്‍ എന്നിവ കാരണം ജോലി/വരുമാനം നഷ്ടപ്പെടുന്നതാണ് ആദ്യത്തേത്, രണ്ടാമത്തേതാവട്ടെ, വൈകല്യം അല്ലെങ്കില്‍ മരണം മൂലം ജോലി / വരുമാനം നഷ്ടപ്പെടുന്നതും. പിരിച്ചുവിടല്‍/ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കല്‍ അല്ലെങ്കില്‍ വെട്ടിക്കുറയ്ക്കല്‍ എന്നിവ കാരണം ജോലി/വരുമാനം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, 3 മാസം വരെ വായ്പ അടച്ചുകൊണ്ട് ഈ പദ്ധതി സഹായം നല്‍കുന്നു. ഒരു നിര്‍ഭാഗ്യകരമായ അപകടം മൂലമുണ്ടാകുന്ന മരണം, ഭാഗികമോ സ്ഥിരമോ ആയ വൈകല്യം അല്ലെങ്കില്‍ അംഗഭംഗം എന്നിവ കാരണം ജോലി/വരുമാനം നഷ്ടമുണ്ടായാല്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആള്‍ക്ക് 2 വര്‍ഷം വരെ പ്രതിവാര ശമ്പള ആനുകൂല്യങ്ങള്‍ ലഭിക്കും.

”രാജ്യത്ത് വളര്‍ന്നുവരുന്ന മധ്യവര്‍ഗത്തിന് സേവന വായ്പകള്‍ക്ക് പ്രതിമാസ ഗഡുക്കള്‍ അടയ്ക്കാനുള്ള ബാധ്യതകള്‍ ഉള്ളതിനാല്‍ പെട്ടെന്നുള്ള സാമ്പത്തികാഘാതത്തില്‍ സ്വയം രക്ഷനേടാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണ്. അത്തരം സംഭവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സ്വന്തമാക്കേണ്ട മികച്ച പോളിസിയാണ് ജോലി/വരുമാന നഷ്ട ഇന്‍ഷുറന്‍സ് ‘ പോളിസിബസാര്‍ ഡോട്ട് കോം സിഇഒ സര്‍ബ്വീര്‍ സിംഗ് പറഞ്ഞു.

ശമ്പളക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യത്യസ്ത പ്ലാനുകള്‍ ലഭ്യമാണ്, രണ്ട് വിഭാഗങ്ങള്‍ക്കും നല്‍കുന്ന ആനുകൂല്യങ്ങളും വ്യത്യസ്തമാണ്. പിരിച്ചുവിടല്‍/ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കല്‍ അല്ലെങ്കില്‍ വെട്ടിക്കുറയ്ക്കല്‍ എന്നിവ കാരണം ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍, ഇന്‍ഷുറര്‍ 3 മാസത്തേക്ക് ഇന്‍ഷ്വര്‍ ചെയ്തയാളുടെ വായ്പയുടെ ഗഡുക്കള്‍ അടയ്ക്കും (ഉപഭോക്താവിന്റെ നിലവിലുള്ള ഇഎംഐ അനുസരിച്ചായിരിക്കും തവണയുടെ തുക കണക്കാക്കുക). ഭാഗികമോ സ്ഥിരമോ ആയ വൈകല്യം മൂലം വരുമാനം / ജോലി നഷ്ടപ്പെടുന്നതിനുള്ള പരിരക്ഷയില്‍, പരമാവധി 100 ആഴ്ചത്തേക്ക് ആഴ്ചയില്‍ ഒരു ലക്ഷം (ഉപഭോക്താവിന്റെ മൊത്തം ശമ്പളത്തിനനുസരിച്ച്) വരെയുള്ള പ്രതിവാര ശമ്പള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നു. ഗുരുതരമായ രോഗം, ഭാഗിക സ്ഥിര വൈകല്യം അല്ലെങ്കില്‍ ഭാഗിക താല്‍ക്കാലിക വൈകല്യം എന്നിവ കാരണം ജോലി/വരുമാനം നഷ്ടപ്പെടുന്നതിനുള്ള പരിരക്ഷയും ചില പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 (ഡി) പ്രകാരം, പോളിസി പ്രീമിയങ്ങള്‍ക്കു മേല്‍ ഉപഭോക്താക്കള്‍ക്ക് നികുതി ഇളവും നേടാം.

Related Topics

Share this story