Times Kerala

ന്യൂനമർദം: ആലപ്പുഴയിൽ കർശന ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ

 
ന്യൂനമർദം: ആലപ്പുഴയിൽ കർശന ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ

ആലപ്പുഴ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനം മൂലം ജില്ലയിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിൽ കർശന ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഇതുസംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം കലക്ടറേറ്റിൽ ചേർന്നു.

ഡിസംബർ 1 മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കടലിൽ പോകുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ കടലിൽ പോയവരെല്ലാവരും അടിയന്തര പ്രാധാന്യത്തോടെ തിരികെ വിളിക്കുന്നതിന് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന് കളക്ടർ നിർദ്ദേശം നൽകി. തീരത്തുള്ളവർക്കും ജാഗ്രത നിർദ്ദേശങ്ങൾ നൽകാനും ആരും കടലിൽ ഇറങ്ങാതിരിക്കുവാനും വേണ്ട മുൻകരുതലുകൾ കൈകൊള്ളുവാനും നിർദ്ദേശം നൽകി. രാത്രികാലങ്ങളിൽ ഉൾനാടൻ മത്സ്യബന്ധനം പൂർണമായും ഒഴിവാക്കും.

തീരപ്രദേശത്തു വീടുകൾ ഒഴിപ്പിക്കേണ്ട സാഹചര്യങ്ങൾ വേണ്ടി വന്നാൽ അതിനുവേണ്ട ക്രമീകരണങ്ങൾ തയ്യാറാക്കാൻ കോസ്റ്റൽ പോലീസിനും അതതു തഹസീൽദാർക്കും നിർദ്ദേശം നൽകി. ഇതിന്റെ മുന്നോടിയായി തീര പ്രദേശങ്ങൾ തഹസീൽ‌ദാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തി.

ന്യൂനമർദം ശക്തിപ്പെട്ടാൽ വെള്ളപൊക്കം വരാൻ സാധ്യതയുള്ളതിനാൽ തോട്ടപ്പള്ളി, അന്ധകാരനഴി, തണ്ണീർമുക്കം സ്പിൽവേകൾ അടിയന്തിരമായി തുറക്കുന്നതിനുള്ള സജജീകരണങ്ങൾ ഒരുക്കും. രാത്രികാലങ്ങളിലും ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തുവാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി.

ബീച്ചുകളിൽ ആളുകൾ സന്ദർശനം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.ഹൗസ് ബോട്ടുകളിലെ രാത്രികാലങ്ങളിൽ യാത്ര ഒഴിവാക്കാൻ ഡി ടി പി സിയെയും ചുമതലപ്പെടുത്തി.

അപകടകരമായ സ്ഥിതിയിൽ നിലകൊള്ളുന്ന ഇലക്ട്രിക് പോസ്റ്റുകൾക്ക് ആവശ്യമായ അറ്റകുറ്റപ്പണികളും അടിയന്തരമായി നിർവഹിക്കും. എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.

Related Topics

Share this story