Times Kerala

ചുമരെഴുത്തും ഇ- പ്രചരണവും : പ്രകൃതി സൗഹാർദ്ദ തിരഞ്ഞെടുപ്പ്

 
ചുമരെഴുത്തും  ഇ- പ്രചരണവും :  പ്രകൃതി സൗഹാർദ്ദ തിരഞ്ഞെടുപ്പ്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനു ശേഷമുള്ള തദ്ദേശീയ തിരഞ്ഞെടുപ്പ് തികച്ചും പ്രകൃതി സൗഹാർദ്ദമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാർത്ഥികൾ. ചുവരെഴുത്തിനും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിനുമൊക്കെ ഇത്തവണ പ്രാധാന്യം ഏറെയാണ്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചും പേപ്പർ കൊണ്ടുള്ള പേന, തുണിയിലുള്ള പ്രിന്റിംഗ്, തുടങ്ങി നീളുന്നു പ്രകൃതി സൗഹാർദ്ദപരമായ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകൾ.

ചുമരെഴുത്തുകൾ ഇത്തവണ ലഭിച്ച ജനപ്രീതി ഏറെ വലുതാണ്. കോവിഡ് വ്യാപനത്തിനിടെ ആഘോഷ പരമായ പ്രചരണങ്ങൾക്ക് പകരം സമൂഹ മാധ്യമങ്ങൾ വഴി സ്ഥാനാർഥിയുടെ ചിത്രങ്ങളും, വീഡിയോകളും, തെരഞ്ഞെടുപ്പ് വിശേഷങ്ങളും പങ്കുവെക്കുകയാണ് ഇത്തവണ. കോവിഡ് നിയന്ത്രണങ്ങളെ മറികടക്കാൻ സ്ഥാനാർഥികളെ സഹായിച്ച ഫേസ്ബുക്കിനും വാട്സ്ആപ്പിനും തെരഞ്ഞെടുപ്പ് കഴിയുംവരെ വിശ്രമമില്ല. സ്ഥാനാർഥികൾക്ക് വേണ്ടി പ്രത്യേക ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ഗ്രൂപ്പുകളും എല്ലാം സജീവമായി കഴിഞ്ഞു. പ്രചരണത്തിനായി പ്രത്യേക മീഡിയ ടീമിനെയും സജ്ജീകരിച്ചു കഴിഞ്ഞു. അവർ വഴി സ്ഥാനാർഥികളുടെ പ്രചരണ പരിപാടികൾ ലൈവ് ആയും അല്ലാതെയും ഒക്കെ ജനങ്ങളിൽ എത്തിക്കുവാനുള്ള കടുത്ത പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.

ഇത്തവണ ചുമരെഴുത്തിന് കൂടുതൽ പ്രാധാന്യം കിട്ടിയ തിരഞ്ഞെടുപ്പാണ്. ചുമര് എഴുത്തിൽ തന്നെ വ്യത്യസ്തത പുലർത്തിയ സ്ഥാനാർത്ഥികൾ വാർത്തകളിൽ ഇടം നേടുകയും ചെയ്തു. ചുമര് എഴുത്തിന്റെ കൂടെ വ്യത്യസ്ത വരകളും ചിത്രങ്ങളും ഒക്കെയായി ഏറെ വർണാഭമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചരണം. കോവിഡ് വ്യാപനത്തോടെ ഉറങ്ങിക്കിടന്ന ചുമരെഴുത്തുകാർ ഉൾപ്പെടെയുള്ളവർ ഉണർന്നതും തിരഞ്ഞെടുപ്പോടെ ആണ്.
ഒപ്പം, സ്ഥാനാർഥികളുടെ പേരുകൾ എഴുതിയ മാസ്കുകളും പാർട്ടിയുടെ ചിഹ്നങ്ങൾ ഉള്ള മാസ്കുകളും പുതിയ ട്രെൻഡ് ആയി മാറി. സാനിറ്റൈസറും ഹാൻഡ് വാഷും സ്ഥാനാർത്ഥികൾ കൂടെ കൂട്ടി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം കൊടുമ്പിരി കൊള്ളുമ്പോൾ, വ്യത്യസ്തങ്ങളായ ആശയങ്ങൾ സ്വീകരിക്കുന്ന സ്ഥാനാർഥികൾ വൈറൽ ആവുകയും ചെയ്തു.

Related Topics

Share this story