Times Kerala

26ന് മോദിയുടെ സത്യപ്രതിജ്ഞയെന്ന് അഭ്യൂഹം; ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങള്‍

 
26ന് മോദിയുടെ സത്യപ്രതിജ്ഞയെന്ന് അഭ്യൂഹം; ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങള്‍

ഡൽഹി : തെരഞ്ഞെടുപ്പ് ഭലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മോദി വീണ്ടും പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തിരക്കിട്ട നീക്കങ്ങള്‍. രണ്ടാം മോദി സര്‍ക്കാരിനുള്ള ഒരുക്കങ്ങളുമായി ബിജെപി മുന്നോട്ടു പോവുകയാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും അവസാനഘട്ടത്തിലും ശ്രമങ്ങള്‍ തുടരുന്നു. രണ്ടാം മോദി സര്‍ക്കാരിനായി എന്‍ഡിഎ സഖ്യകക്ഷികള്‍ കരാറിൽ ഒപ്പുവെച്ചു. 39 പാര്‍ട്ടികള്‍ ഒപ്പമുണ്ടെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ തന്നെ ഡല്‍ഹിയിലെത്താന്‍ എന്‍ഡിഎ എം.പിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. 26ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് അഭ്യൂഹങ്ങൾ . 2014ല്‍ മോദി അധികാരമേറ്റെടുത്തും ഇതേ ദിവസമായിരുന്നു. എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഇരുപക്ഷത്തുമില്ലാതെ നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്താനുള്ള നീക്കവും ബിജെപി ക്യാംപില്‍ സജീവമാണ്.എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കളുമായി ശരദ് പവാര്‍ ആശയവിനിമയം നടത്തുന്നുണ്ട്. അതേസമയം മഹാരാഷ്ട്രയിലെ മുൻമന്ത്രിയും എൻസിപി നേതാവും ബീഡ് എംഎൽഎയുമായ ജയ്ദത്ത് ക്ഷീർസാഗർ പാർട്ടിവിട്ട് ശിവസേനയിൽ ചേരാൻ തീരുമാനിച്ചത് എന്‍സിപിക്ക് തിരിച്ചടിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അഹമ്മദ് പട്ടേല്‍, ജയറാം രമേഷ് എന്നിവര്‍ പ്രതിപക്ഷ നിരയില്‍ സഖ്യത്തിന് ശ്രമം നടത്തുന്നു.വിധിയെഴുത്ത് ബിജെപിക്ക് അനുകൂലമല്ലെങ്കില്‍ ഉടന്‍തന്നെ പ്രതിപക്ഷനേതാക്കളുടെ യോഗം വിളിക്കാനും രാഷ്ട്രപതിയെ കാണാനുമാണ് ധാരണ. അഭിഷേക് സിങ്‍വിയെയാണ് ഇതിന്‍റെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.

Related Topics

Share this story