Times Kerala

വോട്ടെണ്ണലിനു മണിക്കൂറുകള്‍ മാത്രം; ഇടുക്കിയിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 
വോട്ടെണ്ണലിനു മണിക്കൂറുകള്‍ മാത്രം; ഇടുക്കിയിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ ആറു നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്കും കോതമംഗലം നിയോജക മണ്ഡലത്തിലെ 8.30 നും പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആരംഭിക്കുമെന്ന് വരണാധികാരിയും ജില്ലാകലക്ടറുമായ എച്ച്. ദിനേശന്‍ അറിയിച്ചു.

ഓരോ നിയോജക മണ്ഡലത്തിനും ഓരോ കൗണ്ടിംഗ് ഹാള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. 89 ടേബിളുകളിലായായി 105 റൗണ്ടുകളായാണ് 1305 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെണ്ണുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 12, കോതമംഗലം നിയോജക മണ്ഡലത്തില്‍ 12, ദേവികുളം നിയോജക മണ്ഡലത്തില്‍ 13, ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ 12, തൊടുപുഴ നിയോജക മണ്ഡലത്തില്‍ 14, ഇടുക്കി നിയോജക മണ്ഡലത്തില്‍ 13, പീരുമേട് നിയോജക മണ്ഡലത്തില്‍ 13 എന്നിങ്ങനെയാണ് ടേബിളുകളുടെ എണ്ണം.എല്ലാ കൗണ്ടിംഗ് ഹാളിലും ടാബുലേഷന് പ്രത്യേക ടേബിള്‍ ഉണ്ടായിരിക്കും. ഓരോ റൗണ്ടിലും വോട്ടെണ്ണല്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ രണ്ട്് വോട്ടിംഗ് മെഷീനുകള്‍ വീതം ഒബ്സര്‍വര്‍മാരുടെ കൗണ്ടിംഗ് ടീം പരിശോധിച്ച് കൃത്യത ഉറപ്പാക്കും. നറുക്കിട്ടു തിരഞ്ഞെടുക്കുന്ന 5 പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് മെഷീന്‍ എണ്ണും.തപാല്‍ വോട്ടുകള്‍, സര്‍വീസ് വോട്ടുകള്‍ എന്നിവ എണ്ണുന്നതിനായി റിട്ടേണിംഗ് ഓഫീസറുടെ ഹാളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവ അനുവദിക്കുന്നതല്ല. ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഉണ്ടാകും ക്രമസമാധാന പാലനം, മീഡിയ സെന്റര്‍, പോസ്റ്റല്‍ ബാലറ്റ് കൗണ്ടിംഗ്, ടാബുലേഷന്‍, വോട്ടെണ്ണല്‍ ഏജന്റിനുള്ള പാസ് വിതരണം എന്നിങ്ങനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാനദണ്ഡപ്രകാരം ജീവനക്കാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. 6 ഡി.വൈ.എസ്.പി യും 200 പോലീസുകാരുമടങ്ങുന്ന മൂന്ന് സെറ്റ്് ടീമിനെയാണ് തയ്യാറാക്കിയിരിക്കുന്നത്. ക്രമസമാധാന പാലനത്തിനായി 1400 പോലീസുകാര്‍, 71 പട്രോള്‍, 140 പിക്കറ്റുകള്‍, ബി,എസ്.എഫ്, കെ.എ.പി, തുടങ്ങിയ ടീമുകളും സജ്ജമാണെന്ന് അഡീഷണല്‍ എ.എസ്.പി മുഹമ്മദ് ഷാഫി അറിയിച്ചു.

Related Topics

Share this story