Times Kerala

നോർക്ക – ലോക കേരള സഭയുടെ പതിനഞ്ചാമത്തെ ചാർട്ടേർഡ് വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു

 
നോർക്ക – ലോക കേരള സഭയുടെ പതിനഞ്ചാമത്തെ ചാർട്ടേർഡ് വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു

ദമ്മാം: ദമ്മാം ജയിലിൽ നിന്നും മോചിതരായ 17 ഇന്ത്യക്കാർ ഉൾപ്പെടെ, 178 യാത്രക്കാരുമായി, നോർക്ക – ലോക കേരള സഭയുടെ പതിനഞ്ചാമത്തെ ചാർട്ടേർഡ് വിമാനം, ഒക്ടോബർ 22 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 ന്, ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തിൽ നിന്നും, കൊച്ചിയിലേയ്ക്ക് പറന്നു.

സൗദി അറേബ്യയിലെ ഇന്ന് വരെയുള്ള ഏറ്റവും കുറഞ്ഞ ചാറ്റേർഡ് വിമാനടിക്കറ്റ് നിരക്കായ 950 റിയാലായിരുന്നു വിമാനടിക്കറ്റ് നിരക്ക്.

നാലു കൈകുഞ്ഞുങ്ങളും, പതിനഞ്ചു കുട്ടികളും, 159 മുതിർന്നവരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രവാസി സംഘടനകളുടെയും ഇന്ത്യൻ എംബസ്സിയുടേയും ശ്രമഫലമായി ജയിൽ മോചിതരായ 17 ഇന്ത്യക്കാരും യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതിൽ വിമാനടിക്കറ്റ് എടുക്കാൻ പണമില്ലാത്ത ചിലരെ സൗജന്യമായാണ് കൊണ്ടുപോയത്.

ലോകകേരളസഭ അംഗങ്ങളും, വോളന്റീർമാരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു..

നോർക്ക – ലോക കേരളസഭയുടെ നേതൃത്വത്തിൽ, കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ, 15 ചാർട്ടേർഡ് വിമാനങ്ങളാണ് ദമ്മാമിൽ നിന്നും കൊച്ചിയിലേക്കും, കോഴിക്കോടേയ്ക്കും സർവ്വീസ് നടത്തിയത്. വിമാനടിക്കറ്റ് എടുക്കാൻ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ വരെ ഒരുക്കി, വളരെ പ്രൊഫഷണൽ ആയ രീതിയിൽ, വളരെ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നടത്തിയ ഈ ചാർട്ടേർഡ് വിമാനസർവ്വീസുകൾ, കിഴക്കൻ പ്രവിശ്യയിലെ പാവപ്പെട്ട പ്രവാസികൾക്ക് വലിയൊരു ആശ്വാസമാണ്.

നോർക്ക – ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനസർവ്വീസുകളുടെ പ്രവർത്തനങ്ങളോട് സഹകരിച്ച എല്ലാവർക്കും കൺവീനർ ആൽബിൻ ജോസഫ് നന്ദി അറിയിച്ചു.

Related Topics

Share this story