Times Kerala

ജപ്പാനിലെ നിഗാത ബിസിനസ് എക്സ്പോയില്‍ വെബിനാറിലൂടെ തിളങ്ങി കേരള ഐടി പാര്‍ക്ക്സ്

 
ജപ്പാനിലെ നിഗാത ബിസിനസ് എക്സ്പോയില്‍  വെബിനാറിലൂടെ തിളങ്ങി കേരള ഐടി പാര്‍ക്ക്സ്

കോഴിക്കോട്: ജപ്പാനിലെ പ്രശസ്തമായ നിഗാത ബിസിനസ് എക്സ്പോയില്‍ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്നതു സംബന്ധിച്ച വെബിനാറില്‍ കേരള ഐടി പാര്‍ക്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് മികച്ച പ്രതികരണം. വെബിനാറില്‍ നടന്ന എട്ട് അവതരണങ്ങളില്‍ ആറെണ്ണവും കേരള ഐടി പാര്‍ക്കില്‍ നിന്നുള്ള കമ്പനികളുടേതായിരുന്നു.

കൊവിഡാനന്തര ലോകത്തില്‍ ആവശ്യമായി വരുന്ന സാങ്കേതിക വിദ്യകളില്‍ ആഗോള സഹകരണം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയാണ് വെബിനാറില്‍ മുന്നിട്ടു നിന്നത്. ആഡം ഐ കമ്പനിയുമായി ചേര്‍ന്നാണ് കേരള ഐടി പാര്‍ക്സ് ഈ വെബിനാര്‍ സംഘടിപ്പിച്ചത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ വെബിനാറില്‍ അവതരണം നടത്തി.

ഇന്ത്യയടക്കം നാല് രാജ്യങ്ങളിലെ 300 അംഗങ്ങളാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്തത്. അമേരിക്ക, ശ്രീലങ്ക, ജപ്പാന്‍ എന്നിവയായിരുന്നു മറ്റ് രാജ്യങ്ങള്‍. അടുത്ത പടിയായി നിഗാതയിലെയും കേരളത്തിലെയും കമ്പനികളുമായി വാണിജ്യപരമായ ചര്‍ച്ചകള്‍ നടക്കും.

കേരളത്തിലെ മൂന്ന് ഐടി പാര്‍ക്കുകളില്‍ നിന്നുമായി സൂണ്‍ഡിയ ജെമിനി സോഫ്റ്റ്വെയര്‍ സോല്യൂഷന്‍സ്, യുഎല്‍ ടെക്നോളജീസ്, ഇബിഎസ് ബിസിനസ് സൊല്യൂഷന്‍സ്, റിഫ്ളെക്സഷന്‍സ് ഗ്ലോബല്‍, നിയോവൈബ് ടെക്നോളജീസ് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്മാര്‍ട്ട് വര്‍ക്ക് അലോകേഷന്‍ സിസ്റ്റംസ്, ഫാക്ടറി ഫോര്‍ ഫ്യൂച്ചര്‍, ഡാറ്റ അനലറ്റിക്സ്, ഹെല്‍ത്ത്കെയര്‍, ഇന്‍റലിജന്‍റ് പ്രോപര്‍ട്ടി മാനേജ്മന്‍റ് സിസ്റ്റം, ബിസിനസ് പ്രൊസസ് ഓട്ടോമേഷന്‍, നിര്‍മ്മിത ബുദ്ധി എന്നിവ ഉപയോഗിച്ച് ചെറുകിട വ്യവസായ മേഖലയിലെ ഉത്പാദനം വര്‍ധിപ്പിക്കാനാകുമോയെന്നതായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.

ഇന്ത്യയില്‍ നിന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എംഎസ്എംഇ, സിഐഐ, ഐഐഎംകെലൈവ്, എന്‍ഐടി കോഴിക്കോട്, മണിപ്പാല്‍ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ സ്റ്റാര്‍ട്ടപ്പ് ഫോറം പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

നിഗാത സര്‍ക്കാര്‍, മിനാമിയൊനുമ സിറ്റി കൗണ്‍സില്‍, ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ സര്‍വകലാശാല എന്നിവ സംയുക്തമായി നടത്തുന്ന ഗ്ലോബര്‍ഐടി പാര്‍ക്കാണ് ആഡം-ഐ. കേരളത്തിലെ വിവിധ ഐ ടി പാര്‍ക്കുകളുടെ മാതൃകയിലാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.

Related Topics

Share this story