Times Kerala

കെഎസ് യുഎമ്മിന്‍റെ വെര്‍ച്വല്‍ പ്രദര്‍ശനം നാളെ മുതല്‍, വ്യവസായികള്‍ക്കും സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും അവസരം

 
കെഎസ് യുഎമ്മിന്‍റെ വെര്‍ച്വല്‍ പ്രദര്‍ശനം നാളെ മുതല്‍, വ്യവസായികള്‍ക്കും സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും അവസരം

തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ പരസ്പര സഹായത്തോടെ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബിഗ് ഡെമോ ഡേയുടെ മൂന്നാം പതിപ്പിന് തിങ്കളാഴ്ച (ഒക്ടോബര്‍ 19) തുടക്കം. ഒക്ടോബര്‍ 21 വരെ നടക്കുന്ന വെര്‍ച്വല്‍ ഓണ്‍ലൈന്‍ പ്രദര്‍ശനത്തില്‍ ഹെല്‍ത്ത്ടെക്, കണ്‍സ്യൂമര്‍ടെക്, ഐഒടി, റോബോട്ടിക്സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുപ്പത്തിനാല് സ്റ്റാര്‍ട്ടപ്പുകള്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങള്‍ അവതരിപ്പിക്കും.

കൊവിഡാനന്തര ലോകത്ത് വ്യവസായ രംഗത്തിന് ആവശ്യമായ സാങ്കേതിക ഉത്പന്നങ്ങളും സേവനങ്ങളും വ്യവസായ ലോകത്തെ പരിചയപ്പെടുത്തുന്നതിനും മിതമായ നിരക്കില്‍ അവ ലഭ്യമാക്കുന്നതിനുമാണ് പരിപാടി ഊന്നല്‍ നല്‍കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രസ്തുത മേഖലകളില്‍ നിന്നും കെഎസ് യുഎം തിരഞ്ഞെടുത്ത മികച്ച സ്റ്റാര്‍ട്ടപ്പുകളാണ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 19 ന് ഹെല്‍ത്ത്ടെക് സ്റ്റാര്‍ട്ടപ്പുകളും 20 ന് കണ്‍സ്യൂമര്‍ടെക് സ്റ്റാര്‍ട്ടപ്പുകളും 21 ന് ഐഒടി – റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പുകളും പങ്കെടുക്കും.

ഈ മേഖലകളിലെ വ്യവസായികള്‍ക്കും വ്യവസായ സംഘടനകള്‍ക്കും നിക്ഷേപകര്‍ക്കും പ്രദര്‍ശനത്തില്‍ പങ്കെടുക്കാം. രാവിലെ 10 മുതല്‍ https://business.startupmission.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ഉല്‍പ്പന്നങ്ങള്‍ കാണാനും മനസ്സിലാക്കാനും സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കാനുമുള്ള അവസരം ലഭിക്കും. വിവിധ വ്യവസായ സംഘടനകളുടേയും ഐടി കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നത്.

മുന്‍പ് നടന്ന രണ്ട് പതിപ്പുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പെടുത്തി രണ്ടു മാസത്തിലൊരിക്കല്‍ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ കെഎസ് യുഎം
തീരുമാനിച്ചിട്ടുണ്ട്.

Related Topics

Share this story