Times Kerala

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കിണറ്റിൽ തള്ളിയിട്ടു; യുവതിയുടെ കരച്ചിൽ നാട്ടുകാർ കേട്ടത് മൂന്നാം നാൾ, ഒടുവിൽ അത്ഭുത രക്ഷപ്പെടൽ

 
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കിണറ്റിൽ തള്ളിയിട്ടു; യുവതിയുടെ കരച്ചിൽ നാട്ടുകാർ കേട്ടത് മൂന്നാം നാൾ, ഒടുവിൽ അത്ഭുത രക്ഷപ്പെടൽ

ദേവനഹള്ളി: മൂന്ന് ദിവസം കിണറ്റിൽ കഴിഞ്ഞ യുവതി ഒടുവിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. കർണാടക കൊളർ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് അറുപതടിയോളം ആഴമേറിയ കിണറ്റിൽ മൂന്ന് ദിവസം കഴിച്ചു കൂട്ടിയ ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിയത്. ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇൻസ്റ്റഗ്രാം വഴി ഒരുമാസം മുമ്പ് പരിചയപ്പെട്ട ആദർശ് എന്ന യുവാവിനെ കാണുന്നതിനായാണ് പെൺകുട്ടി ഇവിടെയെത്തിയത്. ഇയാൾ പറഞ്ഞ സ്ഥലത്ത് ബസിറങ്ങിയ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതിനായി യുവാവ് എത്തുകയും ചെയ്തിരുന്നു.ദേവനഹള്ളിയിലിറങ്ങിയ യുവതിയെ സമീപഗ്രാമമായ രംഗനാഥപുരയിലെ ഒരു ഫാം ഹൗസിലാണ് ആദർശ് എത്തിച്ചത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് ഇവിടെ വച്ച് അയാൾ യുവതിയോട് വിവാഹ അഭ്യർഥന നടത്തി. എന്നാൽ ഇത് യുവതി നിഷേധിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് കൊലപ്പെടുത്തുന്നതിനായി യുവതിയെ കിണറ്റിൽ തള്ളിയിടുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഇതിനു ശേഷം ഇയാള്‍ ഇവിടെ നിന്നും കടന്നു കളഞ്ഞു.

കിണറ്റിൽ വീണ് മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് യുവതിയുടെ കരച്ചിൽ നാട്ടുകാർ കേട്ടത്. ഇവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ക്രെയിനിന്‍റെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. നിർജ്ജലീകരണം സംഭവിച്ച യുവതിക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിജയപുര സബ് ഇന്‍സ്പെക്ടർ മഞ്ജുനാഥ് അറിയിച്ചതെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഏകദേശം അറുപത് അടിയോളം ആഴമുള്ള വരണ്ട കിണറായിരുന്നു, കിണറ്റിനുള്ളിലെ കുറ്റിക്കാടുകളാണ് യുവതിയെ അപകടത്തിൽ നിന്നും രക്ഷിച്ചതെന്നാണ് തോന്നുന്നതെന്നും പോലീസ് പറഞ്ഞു.യുവതിയെ കിണറ്റിൽ തള്ളിയിട്ട ആദർശ് എന്ന 22കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related Topics

Share this story