Times Kerala

നീയും ഞാനും വേണ്ട, പകരം നമ്മള്‍.!

 
നീയും ഞാനും വേണ്ട, പകരം നമ്മള്‍.!

വിവാഹം കഴിഞ്ഞിട്ടും സംസാരത്തിനിടയില്‍ നിങ്ങള്‍ നീ, ഞാന്‍ എന്നീ വാക്കുകളാണോ കൂടുതലായും ഉപയോഗിക്കുന്നത്, നമ്മള്‍, ഞങ്ങള്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ പിശുക്കുകാണിയ്ക്കുന്നുണ്ടോ?

സൂക്ഷിയ്ക്കുക, ഇങ്ങനെ പോയാല്‍ നിങ്ങളുടെ വിവാഹബന്ധം അധികകാലം വിജയകരമായി മുന്നോട്ടുപോകില്ല. വിവാഹബന്ധം നീണ്ടുനില്‍ക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ ‘ഞാന്‍, ‘നീ പ്രയോഗങ്ങള്‍ ഒഴിവാക്കുക. പകരം ‘നമ്മള്‍ എന്ന വാക്ക് ഉപയോഗിക്കുക. ഇതു കൂടുതല്‍ ക്രിയാത്മകമായ വൈകാരിക സ്വഭാവം പ്രകടിപ്പിക്കുന്നതും ഭാര്യാഭര്‍ത്തൃ ബന്ധത്തില്‍ കൂടുതല്‍ സംതൃപ്തി നല്‍കുന്നതുമാണെന്നാണ് ഒരു പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ബെര്‍ക്കീലി സര്‍വകലാശാലയിലെ ഗവേഷകര്‍ റോബര്‍ട്ട് ലെവീന്‍സണ്ണിന്റെ നേതൃത്വത്തില്‍ 154 ദമ്പതിമാരിലാണ് പഠനം നടത്തിയത്. സംസാരത്തിനിടയില്‍ പ്രായമായ ദമ്പതികള്‍ മധ്യവയസ്സുകാരെക്കാള്‍ ‘നമ്മള്‍ പ്രയോഗം കൂടുതല്‍ നടത്തി. ഇവരുടെ മാനസിക പ്രതികരണം പോളിഗ്രാഫ് സഹായത്തോടെ ഗവേഷകര്‍ വിലയിരുത്തുന്നുണ്ടായിരുന്നു. നമ്മള്‍ എന്ന് ഉപയോഗിച്ചവരില്‍ വൈകാരിക ഭാവങ്ങള്‍ വളരെ ക്രിയാത്മകമായിരുന്നു. ‘ഞാന്‍, ‘നീ എന്നു പ്രയോഗിക്കുമ്പോള്‍ ഒരുമയുടെ ഭാവം പ്രകടമാകുന്നില്ല. ഒരുമ പ്രകടമാകുന്നതാണു ശാരീരികാരോഗ്യത്തിനും നല്ലത് – പഠനത്തില്‍ പറയുന്നു. വിവാഹബന്ധത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങളും വഴക്കുകളും പങ്കാളികളുടെ മാനസികാരോഗ്യത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം പ്രശ്നങ്ങളുണ്ടാക്കുമെന്ന് നേരത്തേ കണ്ടെത്തിയിട്ടുള്ളതാണ്. പലപ്പോഴും സംസാരത്തിനടയിലുണ്ടാകുന്ന ചെറിയ വാക്കുകളും പ്രോഗങ്ങളുമായിരിക്കും ഒരു ബന്ധം വേര്‍പെടുന്നതില്‍ വരെ എത്തിയ്ക്കുന്നത്. പരസ്പരമുള്ള സംസാരത്തിനും പരിഗണനയ്ക്കുമെല്ലാം ഏറെ പ്രധാന്യമുണ്ടെന്നാണ് പുതിയ പഠനവും തെളിയിക്കുന്നത്.

Related Topics

Share this story