Times Kerala

ഇരിക്കാന്‍ വിലക്കുന്ന സമൂഹത്തെ അവള്‍ നടക്കാന്‍ പഠിപ്പിക്കുന്നത് കാണണം. സമയത്തെയും സമൂഹത്തെയും വ്യവസ്ഥയെയും അവള്‍ ജയിക്കണം,എന്റെ മകളെന്നറിയപ്പെടാതെ അവളുടെ അച്ഛനെന്നറിയപ്പെടണം; ഡോ.നെൽസൺ ജോസഫിന്റെ കുറിപ്പ്

 

ഡോ. നെൽസൺ ജോസഫ് 

ഒരിക്കല്‍ എഴുതിയതാണ്.

പീഢനം നടന്നാലും നീതി കിട്ടാത്ത നാട്ടില്‍ പെണ്‍കുഞ്ഞായിരിക്കാന്‍ പേടിക്കണം എന്നുള്ളതുകൊണ്ട് വീണ്ടും പോസ്റ്റ് ചെയ്യുന്നു.

ഇന്ന് പെണ്മക്കളുടെ ദിവസമാണ് എന്നറിയുന്നു, International day of the girl child

ഒരു പെണ്‍കുഞ്ഞുണ്ടായിരുന്നെങ്കില്‍,

അരുതെന്ന വാക്ക് പറയാതിരിക്കാന്‍ ശ്രമിക്കുമായിരുന്നു.
ഉറക്കെ ചിരിക്കരുത്, ഓടരുത്, ചാടരുത്, കിടന്നുറങ്ങരുത്…

പിങ്കിലും പാവയിലും കിച്ചന്‍ വെയറിലും ഒതുക്കാതെ എല്ലാ നിറവും ഏല്ലാ കളിപ്പാട്ടവുമുള്ള ലോകം കാണിച്ചുകൊടുക്കുമായിരുന്നു.

മുടിയുടെ നീളവും നടപ്പിന്റെ രീതിയും കഴിക്കുന്ന ഭക്ഷണവും പുറത്തിറങ്ങേണ്ട സമയവും തുടങ്ങി സ്വന്തം ശരീരത്തെ ബാധിക്കുന്നതൊക്കെ തീരുമാനിക്കേണ്ടത് നാട്ടുകാരല്ലെന്ന് പറഞ്ഞുകൊടുക്കുമായിരുന്നു.

വല്ലവന്റെയും കൂടെ മറ്റൊരു വീട്ടില്‍ ചെന്നുകയറലല്ല ജീവിതലക്ഷ്യമെന്ന് പറഞ്ഞുകൊടുക്കുമായിരുന്നു. അവള്‍ക്കിഷ്ടമുള്ളത്രയും പഠിപ്പിക്കുമായിരുന്നു..എന്റെ കണ്ണടയും മുന്‍പ് നിന്നെ വേറൊരുത്തന്റെ കയ്യിലേല്പിക്കണമെന്ന് ഒരിക്കലും പറയില്ലായിരുന്നു..

സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. സ്വന്തമായൊരു ജോലിയും വരുമാനവും വേണ്ടെന്ന് എത്ര സ്‌നേഹം ഭാവിക്കുന്നവര്‍ പറഞ്ഞാലും അനുസരിക്കരുതെന്ന് പറയുമായിരുന്നു.

പെണ്ണ് ജോലി ചെയ്തിട്ട് വേണോ കുടുംബം കഴിയാനെന്ന് ചോദിക്കുന്നവരെ കണ്ടം വഴി ഓടിക്കാന്‍ പറയുമായിരുന്നു.

നീ ചെന്ന് നന്നാക്കിയെടുക്കേണ്ട ഒരുത്തനല്ല പത്തുമുപ്പതു വയസായ ഒരു ആണ് എന്ന് പറഞ്ഞുകൊടുക്കുമായിരുന്നു. ഭൂമിയോളം താഴേണ്ടത് സ്ത്രീയാണെന്നതൊരു തെറ്റിദ്ധാരണയാണെന്ന് പറയുമായിരുന്നു.

ഒരാള്‍ ആക്രമിച്ചാല്‍ നഷ്ടമാവുന്നതാണ് മാനമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും മറ്റൊരു അബദ്ധം മാത്രമാണെന്ന് പഠിപ്പിക്കുമായിരുന്നു.

ആത്മാഭിമാനവും ധൈര്യവും സ്വാതന്ത്ര്യവും വിലപ്പെട്ടതാണെന്ന് പറഞ്ഞുകൊടുക്കുമായിരുന്നു. അവള്‍ വളരാന്‍ പോകുന്ന ലോകത്തെക്കുറിച്ച് എനിക്ക് പേടിയാണെങ്കിലും ആ പേടിയെ നേരിടാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു.

എല്ലാം പഠിപ്പിക്കാന്‍ അറിവില്ലാത്ത സമയത്ത് അറിവുള്ളവരുടെ സഹായം തേടുമായിരുന്നു..

ഇരിക്കാന്‍ വിലക്കുന്ന സമൂഹത്തെ അവള്‍ നടക്കാന്‍ പഠിപ്പിക്കുന്നത് കാണണം. സമയത്തെയും സമൂഹത്തെയും വ്യവസ്ഥയെയും അവള്‍ ജയിക്കണം.

എന്റെ മകളെന്നറിയപ്പെടാതെ
അവളുടെ അച്ഛനെന്നറിയപ്പെടണം.

Related Topics

Share this story