Times Kerala

കൊവിഡ് കാലത്തും മികച്ച വായ്പാ ലഭ്യത റേറ്റിംഗായ എ-സ്റ്റേബിള്‍ നിലനിറുത്തി ഇന്‍ഫോപാര്‍ക്ക്

 
കൊവിഡ് കാലത്തും മികച്ച വായ്പാ ലഭ്യത റേറ്റിംഗായ എ-സ്റ്റേബിള്‍  നിലനിറുത്തി ഇന്‍ഫോപാര്‍ക്ക്

കൊച്ചി: ഐടി കമ്പനികള്‍ വര്‍ക്ക്-ഫ്രം-ഹോം സമ്പ്രദായത്തിലേയ്ക്ക് മാറിയ കൊവിഡ് കാലത്തും മികച്ച വായ്പാ ലഭ്യതയ്ക്കുള്ള ക്രിസില്‍ റേറ്റിംഗ് ഇന്‍ഫോപാര്‍ക്സ് കേരള നിലനിറുത്തി. 123 കോടി രൂപ ദീര്‍ഘകാല വായ്പാശേഷിയോടെ ‘എ മൈനസ് സ്റ്റേബിള്‍ റേറ്റിംഗ്’ ഇന്‍ഫോപാര്‍ക്ക്സ് കേരളയ്ക്ക് നല്‍കിയിരിക്കുന്നതിലൂടെ കമ്പനിയുടെ മികച്ച സാമ്പത്തികഭദ്രതയാണ് കാണിക്കുന്നത്.

റിയല്‍എസ്റ്റേറ്റ് മേഖല വന്‍തിരിച്ചടി നേരിടുന്ന കാലത്തും ഇന്‍ഫോപാര്‍ക്സ് കേരളയുടെ പ്രവര്‍ത്തനമികവിന്‍റെ ഉദാഹരണമാണ് നടപ്പു വര്‍ഷത്തെ ക്രിസില്‍ റേറ്റിംഗ്. നിക്ഷേപ സാധ്യതകള്‍, വായ്പകള്‍, മൂലധന സമാഹരണം തുടങ്ങിയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസ്യതയുള്ള ഏജന്‍സിയുടെ റേറ്റിംഗ് കമ്പനികള്‍ക്ക് ആവശ്യമാണ്.

ഇന്‍ഫോപാര്‍ക്സ് കേരളയുടെ സാമ്പത്തിക ഭദ്രതയാണ് ക്രിസില്‍ റേറ്റിംഗിലൂടെ വ്യക്തമാകുന്നതെന്ന് ഐടി പാര്‍ക്സ് കേരള സിഇഒ ശശി പി എം പറഞ്ഞു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍ഫോപാര്‍ക്കിന് വാണിജ്യ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. പ്രധാനപ്പെട്ട ഐടി വ്യവസായങ്ങളെല്ലാം തന്നെ ഇന്‍ഫോപാര്‍ക്കിലെ സാന്നിദ്ധ്യം നിലനിറുത്തിയിട്ടുണ്ട്. അതേസമയം പുതിയ അന്വേഷണങ്ങള്‍ വരുന്നുമുണ്ട്. ചെറുകിട ഐടി കമ്പനികളില്‍ ചിലത് പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ കൂടുതലാണ് ആവശ്യക്കാരുടെ അന്വേഷണങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച സാമ്പത്തിക പിന്തുണയാണ് ഇന്‍ഫോപാര്‍ക്കിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതെന്ന് ക്രിസില്‍ റേറ്റിംഗ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇതിനാല്‍ തന്നെ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇവിടെ വിരളമാണ്. കടബാധ്യതകള്‍ തുലോം കുറവാണ്. വരുമാനത്തിലും ഇന്‍ഫോപാര്‍ക്ക് ശക്തമായ നിലയിലാണെന്നാണ് ക്രിസിലിന്‍റെ വിലയിരുത്തല്‍. മാര്‍ച്ച് 30, 2020 വരെ 50 കോടി രൂപയാണ് ഇന്‍ഫോപാര്‍ക്കിലേക്ക് എത്തിയത്.

ഇന്‍ഫോപാര്‍ക്കിലെ 80 ശതമാനത്തിലധികം കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിക്കഴിഞ്ഞു. 2019 ലേക്കാള്‍ രണ്ട് കോടി രൂപ അധികമായി പ്രതികൂല സാഹചര്യങ്ങളിലും ഈ വര്‍ഷം ഇന്‍ഫോപാര്‍ക്കിന് വരുമാനമുണ്ടായിട്ടുണ്ട്. നികുതിയടച്ചതിനു ശേഷമുള്ള ലാഭത്തില്‍ 10 ശതമാനത്തിന്‍റെ വര്‍ധനയുമുണ്ടായിട്ടുണ്ട്. ഇതെല്ലാം ഇന്‍ഫോപാര്‍ക്ക്സ് കേരളയുടെ ശക്തമായ സാമ്പത്തിക ഭദ്രതയെ കാണിക്കുന്നതായും ക്രിസില്‍ ചൂണ്ടിക്കാട്ടുന്നു.

Related Topics

Share this story