Times Kerala

ഒറ്റ ദിവസം 21 ഗാനങ്ങൾ റെക്കോഡ് ചെയ്ത അത്ഭുതം.! എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം തീരാ നഷ്ടമെന്ന് മന്ത്രി എകെ ബാലൻ

 
ഒറ്റ ദിവസം 21 ഗാനങ്ങൾ റെക്കോഡ് ചെയ്ത അത്ഭുതം.! എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം തീരാ നഷ്ടമെന്ന്  മന്ത്രി എകെ ബാലൻ

തിരുവനന്തപുരം: എസ്‍പിബിയുടെ മരണം ഇന്ത്യന്‍ സംഗീതത്തിനുണ്ടായ വൻ നഷ്ടമെന്ന് മന്ത്രി എകെ ബാലൻ.

മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പ്…

ഇന്ത്യൻ സിനിമാ സംഗീതത്തിലെ നാദവിസ്മയമായ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. നിലാവുപോലെ സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. അറുപതുകൾ മുതൽ അര നൂറ്റാണ്ടിലധികം അദ്ദേഹം നടത്തിയ സംഗീത സേവനം സിനിമയെ പുതിയ അനുഭൂതിതലത്തിലേക്കു ഉയർത്തിയിട്ടുണ്ട്. തമിഴിൽ എം ജി ആറിനും ശിവാജിഗണേശനും ലഭിച്ച താരപരിവേഷത്തിനു പിന്നിൽ എസ്പിബിയുടെ ഹൃദയഹാരിയായ സംഗീതവുമുണ്ട്. ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയില്ലാതെ അദ്ദേഹം പാടിയ ഗാനങ്ങളാണ് ‘ശങ്കരാഭരണം ‘ സിനിമയെ ശാസ്ത്രീയസംഗീത പ്രചാരണത്തിനുള്ള ഏറ്റവും മികച്ച ഉപാധിയാക്കി എൺപതുകളിൽ മാറ്റിയത്. കേരളത്തിൽ എൺപതുകളിൽ ശാസ്ത്രീയസംഗീതം യുവജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ ഈ സിനിമയും അതിൽ എസ് പി ബി പാടിയ പാട്ടുകളും സഹായിച്ചു. മലയാളി പ്രേക്ഷകർ ആ സിനിമയെ നെഞ്ചോട് ചേർത്തു. അറുപതുകളിൽ തന്നെ ‘കടൽപ്പാലം’ എന്ന സിനിമയിൽ അദ്ദേഹം പാടിയ “ഈ കടലും മറുകടലും” എന്ന പാട്ടിലൂടെ അദ്ദേഹം മലയാളികൾക്ക് സുപരിചിതനായിരുന്നു. ശങ്കരാഭരണം സിനിമയിലെ പാട്ടിലൂടെ അദ്ദേഹം ദേശീയതലത്തിൽ അറിയപ്പെടുന്ന വലിയ ഗായകനായി മാറി.
സിനിമയിൽ എന്ത് സംഗീതമാണോ വേണ്ടത്, അത് നൽകിയെന്നാണ് അദ്ദേഹത്തെ വ്യത്യസ്‍തനാക്കിയത്. കഥാപാത്രങ്ങളുടെ ഹൃദയസഞ്ചാരമായിരുന്നു അദ്ദേഹം പാട്ടിലൂടെ നൽകിയത്. തമിഴ്, തെലുങ്ക് സിനിമകളുടെ വിജയ ചേരുവകളിൽ ഏറെക്കാലം എസ് പി ബി ഒരു പ്രധാന ഘടകമായി നിലനിന്നു. ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ജനിച്ച അദ്ദേഹം ദക്ഷിണേന്ത്യൻ സിനിമയുടെ തലസ്ഥാനമായ ചെന്നൈ നഗരത്തിൻ്റെ വളർത്തു പുത്രനായി മാറി.

16 ഇന്ത്യൻ ഭാഷകളിലായി 40000 ത്തോളം ഗാനങ്ങൾ അദ്ദേഹം റെക്കോഡ് ചെയ്തുവെന്നത് ആ രംഗത്ത് വലിയൊരു അത്ഭുതമാണ്. ആയുഷ്കാലം മുഴുവൻ നിറഞ്ഞുനിന്ന സംഗീതമെന്നു പറയാം. ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡ് അദ്ദേഹത്തിൻ്റേതായുണ്ട്. ഒറ്റ ദിവസം 21 ഗാനങ്ങൾ റെക്കോഡ് ചെയ്ത അത്ഭുതവും അദ്ദേഹത്തിന്റെ പേരിലാണ്. മൂന്ന് തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ ഗാനങ്ങൾ കാലത്തെ അതിജീവിച്ച് അനശ്വരമാകും. മലയാളികൾക്ക് ഏറെ സ്നേഹവാത്സല്യങ്ങളുള്ള ആ മഹാ കലാകാരന്റെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

ഇന്ത്യൻ സിനിമാ സംഗീതത്തിലെ നാദവിസ്മയമായ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു….

Posted by A.K Balan on Friday, September 25, 2020

 

Related Topics

Share this story