നരേന്ദ്ര മോദി നോട്ട് നിരോധനം നടത്തിയത് മന്ത്രിമാരെ പൂട്ടിയിട്ട ശേഷമെന്ന് രാഹുല്‍ ഗാന്ധി
ഹിമാചല്‍പ്രദേശ്(സോലന്‍ ): തന്റെ ഔദ്യോഗിക വസതിയില്‍ മന്ത്രിസഭാംഗങ്ങളെ റൂമില്‍ പൂട്ടിയിട്ട ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2018 ല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന് രാഹുല്‍ഗാന്ധി.തനിക്ക് സുരക്ഷയൊരുക്കുന്ന സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പിലെ ഭടന്മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . അത് സത്യം തന്നെയാണ്, നോട്ട് നിരോധനം പ്രഖ്യാപിക്കുമ്ബോള്‍ മോദിയുടെ കാബിനറ്റ് മന്ത്രിമാര്‍ 7 റേസ് കോഴ്സ് റോഡിലെ ഔദ്യോഗിക വസതിയില്‍ തടങ്കലിലായിരുന്നു -രാഹുല്‍ തെരഞ്ഞെടുപ്പ് റാലിയില്‍ വെളിപ്പെടുത്തി.
‘ നരേന്ദ്ര മോദി സ്വപ്നലോകത്താണ് ജീവിക്കുന്നത്. പ്രധാനമന്ത്രിയുടെ അറിവില്ലായ്മയുടെ തെളിവാണ് ബാലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ചുള്ള മേഘ -റഡാര്‍ പരാമര്‍ശം. വ്യോമസേനാംഗങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു മോദിയുടെ ഉപദേശം. മേഘങ്ങള്‍ പാകിസ്താന്റെ റഡാറുകളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ വ്യോമസേനയെ സഹായിക്കുമെന്ന പരാമര്‍ശത്തില്‍ അദ്ദേഹം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. തന്നെ കേള്‍ക്കുന്ന ജനതയെ കേള്‍ക്കാന്‍ മോദി ഒരിക്കലും തയ്യാറല്ല -രാഹുല്‍ കൂട്ടിച്ചെര്‍ത്തു .