ലഖ്‌നൗ: അദ്ധ്യാപകരുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിലെ സ്വകാര്യ സ്കൂളിനെതിരെയാണ് പരാതി. ശമ്പളം ചോദിക്കാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്നും, ശമ്പളം ആവശ്യപ്പെടുമ്പോൾ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും മാസങ്ങളായി ശമ്പളമില്ലാതെ കഷ്ടപെടുകയാണെന്നും 52 അദ്ധ്യാപികമാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയിലെ സെക്രട്ടറിക്കെതിരേയാണ് അദ്ധ്യാപകരുടെ ആരോപണം.
അതേസമയം, ലൈംഗിക പീഡന ആരോപണങ്ങൾ സ്‌കൂൾ സെക്രട്ടറി നിഷേധിച്ചു. സ്ത്രീകളുടെ ശുചിമുറിയിൽ സിസി ടിവി ക്യാമറകളില്ലെന്നും എന്നാൽ പുരുഷന്മാരുടെ ശുചിമുറിയിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സെക്രട്ടറി പ്രതികരിച്ചു. നേരത്തെ ചില സ്‌കൂളുകളിൽ കൊലപാതകമടക്കം നടന്ന സാഹചര്യത്തിലാണ് ക്യാമറകൾ സ്ഥാപിച്ചതെന്നും സെക്രട്ടറി പറയുന്നു. കോവിഡും ലോക്ക്ഡൗണും കാരണമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ധ്യാപകരുടെ ശമ്പളം മുടങ്ങിയതെന്നും സെക്രട്ടറി പറയുന്നു.സംഭവത്തിൽ സ്കൂൾ സെക്രട്ടറിക്കും മകനും എതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പരാതിയിൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
2017-ൽ ഇതേ സ്‌കൂൾ വിവാദപരമായ തീരുമാനത്തിലൂടെ വാർത്തകളിലിടം നേടിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ വിദ്യാർത്ഥികൾ മുടി വെട്ടണമെന്ന ഉത്തരവാണ് അന്ന് വിവാദമായത്. വിദ്യാർത്ഥികൾ താടി വെയ്ക്കരുതെന്നും അന്നത്തെ വിവാദ ഉത്തരവിലുണ്ടായിരുന്നു.
Comments are closed.