Times Kerala

വിമാനത്തിനുള്ളിൽ വച്ച് ഫോട്ടോയെടുത്താൽ രണ്ടാഴ്ച വിമാനം പറക്കില്ല: മുന്നറിയിപ്പുമായി ഡിജിസിഎ

 
വിമാനത്തിനുള്ളിൽ വച്ച് ഫോട്ടോയെടുത്താൽ രണ്ടാഴ്ച വിമാനം പറക്കില്ല: മുന്നറിയിപ്പുമായി ഡിജിസിഎ

ന്യൂഡൽഹി: ഇനി മുതൽ വിമാനത്തിനുള്ളിൽ വെച്ച് ഫോട്ടോ എടുത്താൽ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡിജിസിഎ. വിമാനത്തിനുള്ളിൽ വച്ച് ആരെങ്കിലും ഫോട്ടോ എടുക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ആ വിമാനം രണ്ടാഴ്ച പറക്കാൻ അനുവദിക്കില്ലെന്നാണ് ഡിജിസിഎ വ്യക്തമാക്കിയിരിക്കുന്നത്. നടി കങ്കണ റനൗട്ട് സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിൽ മാധ്യമപ്രവര്‍ത്തകര്‍ തിരക്കുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഡിജിസിഎയുടെ മുന്നറിയിപ്പ്.സുരക്ഷാ മുൻകരുതലുകളും കൊവിഡ് 19 സാമൂഹിക അകലവും ലംഘിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചണ്ടിഗഡ് – മുംബൈ ഇൻഡിഗോ വിമാനത്തിൽ തിരക്കുണ്ടാക്കിയ സംഭവത്തിൽ ആവശ്യമായ നടപസികൾ സ്വീകരിക്കാനും വിമാനക്കമ്പനിയോട് ഡിജിസിഎ നിര്‍ദേശിച്ചു. വിമാനത്തിൻ്റെ മുൻനിരയിൽ ഇരിക്കുകയായിരുന്ന കങ്കണയുടെ പ്രതികരണത്തിനായി മാധ്യമ റിപ്പോര്‍ട്ടര്‍മാരും ക്യാമറമാൻമാരും വിമാനത്തിനുള്ളിൽ തിരക്കു കൂട്ടുന്നതിൻ്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.ഇനി മുതൽ ഷെഡ്യൂള്‍ഡ് വിമാനത്തിനുള്ളിൽ എന്തെങ്കിലും നിയമലംഘനമുണ്ടായാൽ ആ പ്രത്യേക റൂട്ടിലെ വിമാനത്തിൻ്റെ ഷെഡ്യൂള്‍ പിറ്റേ ദിവസം മുതൽ രണ്ടാഴ്ചത്തേയ്ക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചതായി വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Related Topics

Share this story