Times Kerala

ഓണക്കിറ്റിൽ തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ: ആകെ ചെലവാകുന്നത് 357രൂപ

 
ഓണക്കിറ്റിൽ തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ: ആകെ ചെലവാകുന്നത് 357രൂപ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ തട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തൽ. ഓപ്പറേഷൻ കിറ്റ് ക്ലീനിൽ എന്ന വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ. മിക്ക കിറ്റുകളിലും 400 മുതൽ 490 രൂപ വരെയുള്ള വസ്തുക്കൾ മാത്രമാണ് ഉള്ളതെന്നും ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച പറ്റിയെന്നും വിജിലൻസ് കണ്ടെത്തി.

സപ്ലൈകോ സര്‍ക്കാരിലേക്ക് നല്‍കിയ കണക്കിലും പായ്ക്കിങ് ചാര്‍ജ് ഉള്‍പ്പടെ ഒരു കിറ്റിന് ചെലവ് അഞ്ഞൂറ് രൂപ. ഇതേ പതിനൊന്ന് സാധനങ്ങള്‍ സപ്ലൈകോ ഔട്ട്ലറ്റില്‍ നേരിട്ട് പോയി വാങ്ങിയാൽ ആകെ ചെലവാകുന്നത് 357രൂപ. ഇരുപത് രൂപയുടെ തുണിസഞ്ചിയും അഞ്ചുരൂപ കിറ്റിന്റെ പായ്ക്കിങ് ചാര്‍ജും കൂടി കൂട്ടിയാല്‍പോലും ആകെ 382 രൂപയേ ആകു. കിറ്റില്‍ നല്‍കുന്ന പതിനൊന്ന് ഇനങ്ങള്‍ പൊതുവിപണിയില്‍ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. അതേസമയം, അഞ്ഞൂറ് രൂപയെന്നത് ഏകദേശ കണക്കാണെന്നാണ് സപ്ലൈകോയുടെ വിശദീകരണം.

എന്നാൽ മുന്തിയ ബ്രാന്‍ഡുകള്‍ നോക്കി വാങ്ങിയാല്‍ പോലും അഞ്ഞൂറ് രൂപ വരുന്നില്ല എന്നാണു കണ്ടെത്തൽ. ശരിക്കും ഇത്രയും സാധനങ്ങള്‍ ഇ ടെന്‍ഡര്‍ വഴി വാങ്ങാന്‍ സപ്ലൈകോയ്ക്ക് എത്രരൂപ ചെലവായി. പല വിതരണക്കാരില്‍ നിന്ന് പല വിലയ്ക്ക് വാങ്ങിയതിനാല്‍ ഓരോന്നിന്റേയും ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തി കണക്കാക്കി നോക്കി. ആകെ ചെലവ് 337രൂപ 18 പൈസ മാത്രം. കിറ്റൊന്നിന് അഞ്ചുരൂപ പായ്ക്കിങ് ചാര്‍ജ് കൂടി കൂട്ടിയാല്‍പോലും ഒരു കിറ്റിന് ചെലവ് 342.18 രൂപയേ ചെലവ് വന്നിട്ടുള്ളു. അതായത് പറഞ്ഞതിേനക്കാള്‍ നൂറ് മുതല്‍ 150 രൂപവരെ കുറവ്. എണ്‍പത്തിയെട്ട് ലക്ഷം കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റ് നൽകുന്നത്.

Related Topics

Share this story