Times Kerala

സഭ ടി.വിക്ക് തുടക്കമായി; ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്തു

 
സഭ ടി.വിക്ക് തുടക്കമായി; ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്തു

കേരള നിയമസഭയുടെ ടെലിവിഷൻ ചാനലായ സഭ ടി.വിക്ക് തുടക്കമായി. ലോക്‌സഭാ സ്പീക്കർ ഓം ബിർള ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.

ജനങ്ങളും സർക്കാരും നിയമസഭയും തമ്മിലുള്ള പാലമായി സഭ ടി.വിക്ക് മാറാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിനനുസരിച്ച് ടെലിവിഷൻ രംഗത്ത് മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് സഭാനടപടികൾ ജനങ്ങളിലെത്തിക്കാനുള്ള സഭ ടി.വിയെന്ന നടപടി സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ എല്ലാ നടപടികളും എല്ലാ സമയവും ജനങ്ങൾ വീക്ഷിക്കുന്നത് സഭയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഉപകരിക്കുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭാ നടപടികളും ചരിത്രവും സംപ്രേഷണം ചെയ്യുന്നത് വലിയരീതിയിൽ യുവാക്കൾക്ക് ഉപകരിക്കും.

പാർലമെൻററി പ്രവർത്തനം കൂടുതൽ ആരോഗ്യകരമാകണമെന്ന ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് ആരോഗ്യപരമാറ്റത്തിന് സഭാ ടി.വി വഴിവെക്കും.

മുൻകാലങ്ങളിൽ പത്രങ്ങളിൽ സഭാനടപടികൾ ഭൂരിഭാഗവും റിപ്പോർട്ടുെചയ്യുന്ന രീതിയായിരുന്നു. കാലക്രമേണ അതിൽ മാറ്റമുണ്ടായി. സഭാ ടി.വിയിലൂടെ സഭാനടപടികളും പ്രവർത്തനം പൂർണമായി ജനങ്ങളിലെത്തും. പല കാര്യങ്ങളിലും റെക്കോർഡ് സൃഷ്ടിച്ച കേരള നിയമസഭ സഭ ടി.വിയിലൂടെയും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ സ്പീക്കറുടെ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനാധിപത്യത്തിനെ പുതിയ വിതാനത്തിലേക്ക് നയിക്കാൻ സഭാ ടി.വിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംവാദമാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്നും അദ്ദേഹം പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴിയും സഭ ടി.വി ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പാർലമെൻററികാര്യ മന്ത്രി എ.കെ. ബാലൻ നിയമസഭയുടെ ഡൈനാമിക് വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നടത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ഓൺലൈനായി ആശംസകൾ നേർന്നു. ഒ. രാജഗോപാൽ എം.എൽ.എ, സഭ ടി.വി ഉള്ളടക്ക സമിതി അധ്യക്ഷ വീണ ജോർജ് എം.എൽ.എ, സഭ ടി.വി മീഡിയ കൺസൾട്ടൻറ് വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

മറ്റു കക്ഷിനേതാക്കൾ, എം.എൽ.എമാർ തുടങ്ങിയവർ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ സന്നിഹിതരായിരുന്നു.ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ കൃതജ്ഞതയും പറഞ്ഞു.14 നിയമസഭകളുടേയും നേതാക്കളുടെ നേർക്കാഴ്ചയായി ‘നായകർ നാഴികക്കല്ലുകൾ’ എന്ന ഹ്രസ്വചിത്രവും പ്രദർശിപ്പിച്ചു.

ഇന്ത്യയിൽ ആദ്യമായി ഒരു നിയമസഭയുടെ ദൃശ്യമാധ്യമ സംരംഭമായി ആരംഭിക്കുന്ന സഭാ ടി.വി ആദ്യഘട്ടത്തിൽ വിവിധ ചാനലുകളിൽ ടൈം സ്‌ലോട്ടുകൾ വഴിയാണ് പരിപാടി സംപ്രേഷണം ചെയ്യുക. ഓവർ ദി റ്റോപ്പ് പ്ലാറ്റ്‌ഫോമും തയാറാക്കുന്നുണ്ട്.

Related Topics

Share this story