Times Kerala

ജാക്ക് മാ – ‘996’ തിയറി ഇന്ത്യക്കാരുടെ വ്യവസായ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ചൈനീസ് മാധ്യമം

 
ജാക്ക് മാ – ‘996’ തിയറി ഇന്ത്യക്കാരുടെ വ്യവസായ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ചൈനീസ് മാധ്യമം

പ്രമുഖ കമ്ബനിയായ ആലിബാബയുടെ ഉടമ ജാക്ക് മായുടെ ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ 996 തിയറി ഇന്ത്യക്കാരുടെ വ്യവസായ സാധ്യതകള്‍ വര്‍ധിക്കാനും ഉല്‍പ്പാദനം ഉയര്‍ത്താനും സഹായിക്കുമെന്ന് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു .ഓരോ ജീവനക്കാരനും കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന ജാക്ക് മായുടെ ജോബ് തിയറിയാണ് 996. സാങ്കേതിക മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ജീവനക്കാരെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവച്ചത്. 9 -9 എന്ന രീതിയില്‍ ആഴ്ചയില്‍ ആറ് ദിവസം ഒരാള്‍ ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന ജാക്ക് മായുടെ തിയറിയാണ് 996. ഈ അഭിപ്രായം പുറത്ത് വന്നതിന് പിന്നാലെ വന്‍ വിവാദങ്ങള്‍ ഉയര്‍ന്നു . ജാക്ക് മായുടെ ഈ തിയറിയാണ് ഇപ്പോള്‍ ഗ്ലോബല്‍ ടൈംസ് ഇന്ത്യന്‍ ഉല്‍പ്പാദന വ്യവസായത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.996 തിയറി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ വ്യവസായ പരിസ്ഥിതി മികച്ചതാക്കാനും വിദേശ നിക്ഷേപം വലിയ തോതില്‍ രാജ്യത്തേക്ക് എത്തിക്കാനും ഉല്‍പ്പാദന മേഖലയില്‍ മത്സരക്ഷമത കൂടാനും ഇന്ത്യയ്ക്ക് കഴിയുമെന്നും ഗ്ലോബല്‍ ടൈംസ് നിരീക്ഷിക്കുന്നു . ഇന്ത്യന്‍ ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ച നിരക്കില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷം ഉല്‍പാദന മേഖലയില്‍ 3.6 ശതമാനമാണ് വളര്‍ച്ച നിരക്ക്. മുന്‍ വര്‍ഷം ഇത് 4.4 ശതമാനമായിരുന്നു. ജാക്ക് മായുടെ തിയറി ഇന്ത്യയ്ക്ക് പാഠമാണെന്നാണ് ചൈനീസ് മാധ്യമം വിലയിരുത്തുന്നത് . കഴിഞ്ഞ ദിവസം 996 ന് പിന്നാലെ ജീവിതത്തെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും 669 എന്ന പുതിയ തിയറിയും ജാക്ക് മാ തന്‍റെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശിച്ചിരുന്നു. അതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു .ജാക്ക് മാ ജനസംഖ്യ വര്‍ധനവിനെ പ്രോത്സാഹിപ്പിക്കുന്ന ലൈഫ് തീയറിയാണ് അവതരിപ്പിച്ചതെന്നും ചിലര്‍ ആരോപിച്ചു .

Related Topics

Share this story