Times Kerala

1400ന്റെ പവർബാങ്ക്‌ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് 8000രൂപയുടെ ഫോൺ;തിരിച്ചുവേണ്ടെന്ന് ആമസോൺ

 
1400ന്റെ പവർബാങ്ക്‌ ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് 8000രൂപയുടെ ഫോൺ;തിരിച്ചുവേണ്ടെന്ന് ആമസോൺ

മലപ്പുറം: ഓൺലൈൻ വഴി സാധനങ്ങൾ ബുക്ക് ചെയ്തു പണികിട്ടിയ പലരെയും നമുക്കറിയാം. ആയിരങ്ങൾ മുടക്കി ബുക്ക് ചെയ്യുന്ന സാധനങ്ങൾക്ക് പകരം ചുടുകട്ട മുതൽ സോപ്പ് വരെ കിട്ടിയ കാര്യവും നമ്മൾ വാർത്തകളിൽ വായിച്ചിട്ടുണ്ട്. എന്നാലിപ്പോൾ 1,400 രൂപയുടെ പവര്‍ ബാങ്ക്​ ഓര്‍ഡര്‍ ചെയ്ത യുവാവിന് 8,000 രൂപ വിലമതിക്കുന്ന ഫോണ്‍ ലഭിച്ച കാര്യമാണ്​ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മലപ്പുറം കോട്ടക്കല്‍ എടരിക്കോട്​ സ്വദേശി നബീല്‍ നാഷിദിനാണു ഈ അനുഭവം ഉണ്ടായത്. സംഭവം ഉടൻ തന്നെ ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിനെ അറിയിച്ചപ്പോള്‍ യുവാവിന്റെ സത്യസന്ധതയെ അവര്‍ അഭിനന്ദിച്ചു. ഒപ്പം, ആ ഫോണ്‍താങ്കള്‍ തന്നെ ഉപയോഗിച്ചോളൂ എന്ന ട്വീറ്റും മറുപടിയായി നല്‍കി.

ആഗസ്​ത്​ 10 നാണ്​ ഷവോമിയുടെ 1,400രൂപ വിലയുള്ള 20,000 എം.എ.എച്ച്‌​ പവര്‍ ബാങ്കിന്​ നബീല്‍ ബുക്ക്​ ചെയ്​തത്​. ആഗസ്​ത്​ 15ന്​ പാഴ്​സലായി സാധനം എത്തി. പെട്ടി പൊളിച്ചപ്പോള്‍ നബീല്‍ ശരിക്കും ഞെട്ടി. ഷവോമിയുടെ തന്നെ 8,000 രൂപ വിലമതിക്കുന്ന റെഡ്​മി 8A Dual എന്ന ഫോണായിരുന്നു അത്​. തുടർന്നാണ് വിവരം ആമസോണിനെ അറിയിച്ചതും. തെറ്റ്​ പറ്റിയതില്‍ ക്ഷമാപണം നടത്തിയ ആമസോണ്‍, പാര്‍സല്‍ തിരിച്ചു നല്‍കാനുള്ള റി​ട്ടേണ്‍ പോളിസി ലിങ്ക്​ ട്വീറ്റ്​ ചെയ്​തു. ഫോണ്‍​ താങ്കള്‍ക്ക്​ തന്നെ ഉപയോഗിക്കുകയോ മറ്റാര്‍ക്കെങ്കിലും സംഭാവനചെയ്യുകയോ ചെയ്യാമെന്ന ട്വീറ്റും പിന്നാലെ​യെത്തി.

Related Topics

Share this story