Times Kerala

നിധിയുണ്ടെന്ന് കരുതി 600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ കുഴിയെടുത്തു, തൂണു ചരിഞ്ഞു വീണ് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്, അംബുലൻസ് വിളിച്ച ശേഷം കൂട്ടാളികൾ സ്ഥലം വിട്ടു

 
നിധിയുണ്ടെന്ന് കരുതി 600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ കുഴിയെടുത്തു, തൂണു ചരിഞ്ഞു വീണ് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്, അംബുലൻസ് വിളിച്ച ശേഷം കൂട്ടാളികൾ സ്ഥലം വിട്ടു

ബംഗളൂരു: ക്ഷേത്രത്തിൽ നിധിയുണ്ടെന്നു വിശ്വസിച്ചു കുഴിയെടുത്തവർക്ക് കിട്ടിയത് എട്ടിന്റെ പണി. 600 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ കുഴിയെടുക്കുന്നതിനിടെ തൂണ് വീണ് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൊസ്‌കോട്ട ഹിൻഡിഗാനല ഗ്രാമത്തിലെ സരോവര ആഞ്ജനേയസ്വാമി ക്ഷേത്രത്തിലാണ് സംഭവം നടന്നത്.

അപകടത്തിൽ പ്രദേശവാസിയായ സുരേഷാണ് മരിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ നിധിയുണ്ടാകുമെന്ന് വിശ്വസിച്ച് സുരേഷ് ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം ക്ഷേത്രത്തിലെത്തുകയായിരുന്നു. തുടർന്ന് കുഴിയെടുക്കുന്നതിനിടെ അടിത്തറയിളകുകയും ബലക്ഷയം സംഭവിച്ച തൂണുകളും കൽപ്പാളികളും താഴേക്ക് പതിക്കുകയുമായിരുന്നു.

അപകടത്തിൽ പരിക്കേറ്റ സുരേഷ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യൻ രാജരത്ന എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അതേസമയം, അപകടം നടന്നയുടൻ കൂടെയുണ്ടായിരുന്നവർ ആംബുലൻസിനെ വിളിക്കുകയും ആംബുലൻസ് എത്തുന്നതിന് മുമ്പ് തന്നെ അഞ്ച് പേർ സ്ഥലം വിടുകയുമായിരുന്നു.

സംഭവ സ്ഥലത്തെത്തിയ ആംബുലൻസ് ഡ്രൈവറാണ് നാട്ടുകാരെ വിവരമറിയിച്ചത്.മാസങ്ങൾക്ക് മുമ്പ് ഇതേക്ഷേത്രത്തിൽ സമാന രീതിയിൽ കുഴിയെടുക്കാനുള്ള ശ്രമം നടന്നിരുന്നു. കൂടാതെ വിഗ്രഹങ്ങൾ മോഷണംപോകുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

Related Topics

Share this story