Times Kerala

ആലപ്പുഴ കനാലുകളുടെ നവീകരണത്തിന്റെ ഒന്നാംഘട്ടം 31-ന് പൂര്‍ത്തിയാക്കും

 
ആലപ്പുഴ കനാലുകളുടെ നവീകരണത്തിന്റെ ഒന്നാംഘട്ടം 31-ന് പൂര്‍ത്തിയാക്കും

ആലപ്പുഴ: നടക്കുന്ന ആലപ്പുഴ നഗരത്തിലെ കനാലുകളുടെ നവീകരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു. ഒന്‍പത് പ്രധാന കനാലുകളുടെയും പതിനഞ്ചില്‍പ്പരം ചെറു കനാലുകളുടെയും നവീകരണമാണ് നടക്കുന്നത്. വാടക്കനാല്‍, വാണിജ്യക്കനാല്‍, വെസ്റ്റ് ജങ്ഷന്‍ കനാല്‍, ഈസ്റ്റ് ജങ്ഷന്‍ കനാല്‍, ഉപ്പൂട്ടിക്കനാല്‍, മുറിഞ്ഞപുഴ തോട്, കൊട്ടാരംതോട്, ആലപ്പുഴ-ചേര്‍ത്തല കനാല്‍, ആലപ്പുഴ-അമ്ബലപ്പുഴ കനാല്‍ എന്നിവയാണ് നവീകരിക്കുന്നത്.

ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നാലുഘട്ടമായി നടക്കുന്ന നവീകരണത്തിനായി 108 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഉപ്പൂട്ടി കനാലില്‍നിന്ന് ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടം 31-ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 33 കിലോമീറ്റര്‍ നീളമുള്ള പ്രധാന കനാലുകളുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. രണ്ടാംഘട്ടത്തില്‍ 48 കോടി രൂപ ചെലവില്‍ ചെറുകനാലുകളും അയ്യപ്പന്‍പൊഴി, തുമ്ബോളി പൊഴി എന്നിവയുടെ നവീകരണവും നടക്കും. അമൃത് പദ്ധതിയിലൂടെയാകും ഇത് നടപ്പാക്കുക.

മൂന്നാംഘട്ടത്തില്‍ ആദ്യ രണ്ട് ഘട്ടത്തിലും ഉള്‍പ്പെടാത്ത കനാലുകള്‍ നവീകരിക്കും. നാലാംഘട്ടത്തില്‍ വൃത്തിയാക്കിയ കനാലുകളില്‍ ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കുകയും റെഗുലേറ്ററുകള്‍ സ്ഥാപിക്കുകയും സൗന്ദര്യവത്കരണം നടത്തുകയും ചെയ്യും. കനാലില്‍നിന്ന്‌ നീക്കുന്ന ചെളി കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്താന്‍ ഉപയോഗിക്കും.

Related Topics

Share this story