അമ്പയർ വൈഡ് നൽകിയില്ല; വ്യത്യസ്ത പ്രതിഷേധവുമായി പൊള്ളാർഡ്

കളിക്കളത്തിലെ പ്രതിഷേധങ്ങളുടെ പേരിൽ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുള്ള കളിക്കാരനാണ് മുംബൈ ഇന്ത്യൻസ് താരം കീറോൺ പൊള്ളാർഡ്. പൊള്ളാർഡിൻ്റെ വളരെ വ്യത്യസ്തമായ പ്രതിഷേധങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി ഇപ്പോൾ ചേരുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടന്ന ഫൈനൽ മത്സരത്തിൻ്റെ അവസാന ഓവറിൽ വൈഡ് വിളിക്കാൻ വിസമ്മതിച്ച അമ്പയറോടായിരുന്നു പൊള്ളാർഡിൻ്റെ പ്രതിഷേധം.

അവസാന ഓവറിലെ രണ്ടാം പന്തിൽ ബ്രാവോ വൈഡ് ബോളെറിഞ്ഞുവെങ്കിലും പൊള്ളാർഡ് ഓഫ് സൈഡിലേക്ക് നീങ്ങിയതിനാൽ അമ്പയർ വൈഡ് നൽകിയില്ല. പിന്നീട് മൂന്നാം ബോളിലും ബ്രാവോ വൈഡെറിഞ്ഞു. പൊള്ളാർഡ് ക്രീസിൽ തന്നെ നിന്നുവെങ്കിലും അമ്പയർ വൈഡ് നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്നായിരുന്നു പൊള്ളാർഡിൻ്റെ പ്രതിഷേധം. നാലാം ബോൾ എറിയുന്നതിനു മുൻപ് ഓഫ് സൈഡിലെ വൈഡ് വരയിൽ നിന്ന പൊള്ളാർഡ് ബ്രാവോ പന്തെറിയുന്നതിനു മുൻപ് മാറിയതിനെത്തുടർന്ന് ബ്രാവോയ്ക്ക് ആ പന്ത് വീണ്ടും എറിയേണ്ടി വന്നു.

പ്രതിഷേധം ഇഷ്ടപ്പെടാതിരുന്ന അമ്പയർമാർ പൊള്ളാർഡിനു താക്കീത് നൽകിയിരുന്നു.

അതേ സമയം, ആദ്യം ബാറ്റ് ചെയ്ത മുംബൈ ബാറ്റിംഗ് തകർച്ച നേരിട്ടു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. 41 റൺസെടുത്ത കീറോൺ പൊള്ളാർഡ് ആണ് മുംബൈ ഇന്ത്യൻസിൻ്റെ ടോപ്പ് സ്കോറർ. 29 റൺസെടുത്ത ഇഷൻ കിഷനും മുംബൈക്കു വേണ്ടി തിളങ്ങി. മൂന്ന് വിക്കറ്റെടുത്ത ദീപക് ചഹാറാണ് മുംബൈ ബാറ്റിംഗിനെ കശാപ്പ് ചെയ്തത്. രണ്ട് വീതം വിക്കറ്റുകൾ നേടിയ ഷർദ്ദുൽ താക്കൂർ, ഇമ്രാൻ താഹിർ എന്നിവരും ചെന്നൈക്കു വേണ്ടി തിളങ്ങി.

രണ്ടാം ഇന്നിംഗ്സിൽ 12 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 79 റൺസാണ് ചെന്നൈ നേടിയത്. 40 റൺസെടുത്ത ഷെയിൻ വാട്സണും 2 റൺസെടുത്ത എംഎസ് ധോണിയുമാണ് ക്രീസിൽ.

You might also like

Leave A Reply

Your email address will not be published.