Times Kerala

ലിഗയുടെ മരണം ദൗർഭാഗ്യകരം; ഇനി സാധ്യമായതെല്ലാം സർക്കാർ ചെയ്യും; മുഖ്യമന്ത്രി

 

തിരുവനന്തപുരം: ലിത്വാനിയൻ സ്വദേശിനി ലിഗയുടെ മരണം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. ലിഗയെ കാണാതായി എന്ന് പരാതി ലഭിച്ചപ്പോൾ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഡിജിപിയെ കണ്ട് ലിഗയുടെ സഹോദരി പരാതി അറിയിച്ചിരുന്നു. സാധ്യമായ സഹായമെല്ലാം അപ്പോൾ തന്നെ ചെയ്തു നൽകിയിരുന്നു. ഒരിക്കൽ മുഖ്യമന്ത്രിയുടെ ഓഫീസിലും അവർ വന്നു. അന്ന് താൻ സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ കാണാൻ സാധിച്ചതുമില്ല. കാണാൻ താത്പര്യമുണ്ടെങ്കിൽ അതിന് എന്താണ് തടസമെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയെ കാണാൻ സമയം അനുവദിച്ചില്ല എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അദ്ദേഹം തള്ളിക്കളഞ്ഞു. വസ്തുതകൾ അറിയാതെ നവമാധ്യമങ്ങൾ വഴി കുറെ ആൾക്കാർ വ്യാജ പ്രചരണങ്ങൾ നടത്തുകയാണ്. ലിഗയെ കണ്ടെത്താനുള്ള ശ്രമമായിരുന്നു പോലീസിന്േ‍റത്. എന്നാൽ അതിന് സാധിച്ചില്ല. ഇക്കാര്യത്തിൽ ഇനി സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.വിദേശ വനിതയുടെ മരണത്തിന് പിന്നാലെ കേരളം വിനോദ സഞ്ചാരികൾക്ക് സുരക്ഷിത സ്ഥലമല്ലെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.

Related Topics

Share this story